സി പി എം അധികാരത്തിലെത്തിയപ്പോള്‍ തന്നെ ചവിട്ടി പുറത്താക്കി: കെ ആര്‍ ഗൗരിയമ്മ

Posted on: July 10, 2017 7:17 am | Last updated: July 9, 2017 at 11:19 pm

ആലപ്പുഴ: തന്നെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയ സി പി എം, അധികാരത്തിലെത്തിയപ്പോള്‍ ചവിട്ടി പുറത്താക്കിയെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. വീട്ടില്‍ ഉറങ്ങി കിടന്ന നായനാരെ ഇ എം എസ് വിളിച്ചുവരുത്തി കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയെന്നും താന്‍ ഒരു ‘ചോവത്തി ‘ ആയതിനാല്‍ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലെന്നും ഗൗരിയമ്മ പരിഭവിച്ചു. തൊണ്ണൂറ്റി ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗൗരിയമ്മ ചാത്തനാട്ടെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സി പി എമ്മിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ചത്.

അന്ന്് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും പലവട്ടം സി പി എം പുനഃപ്രവേശം വാഗ്ദാനം ചെയ്തെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാര്യങ്ങള്‍ നീളുകയാണെന്നും അവര്‍ പറഞ്ഞു. ജെ എസ് എസ് ഇപ്പോള്‍ ഇടതുമുന്നണിയിലുണ്ടോയെന്ന് ഗൗരിയമ്മ അടുത്തിരുന്ന അനുയായിയോട് ആരാഞ്ഞു. ഇപ്പോഴും പടിക്കുപുറത്താണെന്ന് അനുയായി പറഞ്ഞതോടെയാണ് തന്റെ പഴയകാല അനുഭവങ്ങള്‍ അവര്‍ വിവരിച്ചത്. സര്‍ക്കാറിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഈ വര്‍ധനവ് ഉണ്ടാകുമായിരുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നല്ലതും ചീത്തയുമായി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ മോശമായ കാര്യങ്ങളാണ് അധികവും നടക്കുന്നത്.
കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം വര്‍ധിക്കുകയാണ്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ തനിക്ക് ഇനിയും ശക്തിയുണ്ടെന്നും പ്രായം തനിക്കൊരു പ്രശ്്നമല്ലെന്നും ഗൗരിയമ്മ പറഞ്ഞു. കവി ബാലചന്ദ്രന്‍ ചുള്ളക്കാടിന്റെ കഥാപാത്രമായ ഗൗരിയായും തനിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്നും ഗൗരിയമ്മ പറഞ്ഞു. ഇപ്പോള്‍ ജെ എസ് എസ് എന്നു പറഞ്ഞു നടക്കുന്നവര്‍ കള്ളന്‍മാരാണ്. രാജന്‍ ബാബുവും പ്രദീപും സംജിത്തും ഒന്നുമല്ല ജെ എസ് എസ്. ഗൗരിയമ്മ മാത്രമാണ് ജെ എസ് എസ്. തിരഞ്ഞെടുപ്പു കമ്മീഷന്‍ തന്റെ പാര്‍ട്ടിക്ക് മാത്രമാണ് അംഗീകാരം തന്നിട്ടുളളത്. അതില്‍ ആരും അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കരുതെന്നും ഗൗരിയമ്മ പറഞ്ഞു.

11ന് ആണ് ഗൗരിയമ്മയുടെ നൂറാം പിറന്നാള്‍. അമ്പലപ്പുഴ പാല്‍പായസം അടക്കമുളള സദ്യവട്ടങ്ങളാണ് ഒരുക്കിയിട്ടുളളത്. തന്റെ പിറന്നാള്‍ ആഘോഷം ആരെയും അറിയിക്കുന്നില്ല. ആരെങ്കിലും അറിഞ്ഞെത്തിയാല്‍ ഊണു കഴിച്ച് മടങ്ങാം. അത്രമാത്രം. ഗൗരിയമ്മ പറഞ്ഞു.