സര്‍വ്വകലാശാലയുടെ സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ

Posted on: July 9, 2017 11:13 am | Last updated: July 9, 2017 at 11:13 am

കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ ബി.എഡ് കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് എന്‍.സി.ടി.ഇ. സര്‍വ്വകലാശാലയുടെ കീഴിലുള്ള പതിനൊന്ന് സ്വാശ്രയ കോളേജുകള്‍ക്ക് അംഗീകാരമില്ലെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് സര്‍വ്വകലാശാല അധികൃതരുടെ പ്രതികരണം. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റെ അംഗീകാരത്തോടെയേ രാജ്യത്ത് ബി.എഡ് കോഴ്‌സുകള്‍ നടത്താനാവൂ. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോളേജുകളിലെ കോഴ്‌സുകള്‍ക്കൊന്നും അംഗീകാരമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം എന്‍.സി.ടി.ഇ നല്‍കിയ രേഖ വ്യക്തമാക്കുന്നത്.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ പാലക്കാട് ജില്ലകളിലായി 11 സ്വാശ്രയ ബി.എഡ് കോഴ്‌സുകളാണ് കാലിക്കറ്റ് സര്‍വ്വകലാശാല നടത്തുന്നത്. 11 കോളേജുകളില്‍ ഭൂരിപക്ഷത്തിന്റെയും അംഗീകാരം റദ്ദായിട്ട് രണ്ട് വര്‍ഷത്തിലേറെയായെന്നാണ് വ്യക്തമാകുന്നത്. കോളേജുകളിലെ അധ്യാപകരില്‍ പലര്‍ക്കും നിര്‍ദ്ദിഷ്ടത യോഗ്യതകളില്ലാത്തതും, കോളേജുകള്‍ക്ക് സ്വന്തമായി സ്ഥലമില്ലാത്തതുമാണ് അംഗീകാരം ലഭിക്കുന്നതിന് തടസമായിരിക്കുന്നത്. എന്നാല്‍ സര്‍വ്വകലാശാല നല്‍കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം സംബന്ധിച്ച പരിശോധനകള്‍ക്കായി എന്‍.സി.ടി.ഇ ബംഗളുരൂ മേഖലാ ഓഫീസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും,അവരുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നുമാണ് കാലിക്കറ്റ് സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. അതേ സമയം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ കേന്ദ്രങ്ങളില്‍ നിന്ന് ഇതിനോടകം ബിരുദം സമ്പാദിച്ചിരിക്കുന്നത്. ഈ ബിരുദങ്ങളുടെ സാധുത കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്‌