Connect with us

Kerala

ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു

Published

|

Last Updated

ബെംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ മഠാധിപതിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താറിനെതിരെ പ്രതിഷേധ സമരം നടത്തിയ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരു ആനന്ദ്‌റാവു സര്‍ക്കിളില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതിനാണ് പോലീസ് കേസെടുത്തത്. ഉഡുപ്പി ക്ഷേത്രത്തില്‍ മഠാധിപതിയുടെ നേതൃത്വത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തിനെതിരെ ശ്രീരാമ സേനയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഹിന്ദുത്വത്തിന് മുറിവേല്‍പ്പിക്കുന്ന നടപടിയാണ് മഠത്തില്‍ നടന്നിരിക്കുന്നതെന്നായിരുന്നു പൊതുയോഗത്തില്‍ സംസാരിച്ച മുത്തലിക്ക് അഭിപ്രായപ്പെട്ടത്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ശ്രീരാമസേനയുടെ പ്രതിഷേധമെന്നും മുത്തലിക്ക് പറഞ്ഞിരുന്നു. ഹിന്ദു ജനജാഗ്രതാ സമിതിയും പ്രതിഷേധ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ഥ സ്വാമിയുടെ നേതൃത്വത്തില്‍ അന്നബ്രഹ്മ ഹാളില്‍ നടന്ന ഇഫ്താര്‍ പരിപാടിയില്‍ നൂറോളം ഇസ്‌ലാം മത വിശ്വാസികളാണ് പങ്കെടുത്തിരുന്നത്. നോമ്പ്തുറന്നശേഷം വിശ്വാസികള്‍ അതേ ഹാളില്‍ പ്രാര്‍ഥനയും നടത്തിയിരുന്നു. സംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മഠാധിപതി നേരിട്ടെത്തിയാണ് നോമ്പുതുറ വിഭവങ്ങള്‍ നല്‍കിയത്. മഠത്തില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തെ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്താലിഖ് തുടക്കത്തില്‍ തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, വിമര്‍ശനം തള്ളിയ മഠാധിപതി മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഈദിനോടനുബന്ധിച്ച് നടന്ന ഇഫ്താര്‍ വിരുന്നിനെതിരെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ നിശിത വിമര്‍ശനമുയര്‍ത്തി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശരയ്യ രംഗത്ത് വന്നിരുന്നു. നിസ്‌കാരം ക്ഷേത്രത്തില്‍ നടത്തിയാല്‍ ആര്‍ക്ക് എന്ത് ഹാനിയെന്ന് സ്വാമി ചോദിക്കുന്നു. ഇതര മത സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാലോ അവരുടെ ആചാരം ക്ഷേത്രത്തില്‍ നടത്തിയാലോ ഗോമൂത്രം തളിച്ച് വൃത്തിയാക്കണമെന്ന് കരുതുന്ന വിവരദോഷികള്‍ തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്വാമി വ്യക്തമാക്കി. താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. താന്‍ ചെയ്തത് മതസൗഹാര്‍ദ്ദത്തിനാണ് വഴി തുറക്കുകയെന്നും സ്വാമി പറയുന്നു. ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ 150 ലധികം പേരാണ് പങ്കെടുത്തത്. വിശ്വേശരയ്യ തീര്‍ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. നോമ്പെടുത്തവര്‍ക്ക് തീര്‍ഥ സ്വാമി ഈന്തപ്പഴം നല്‍കിയാണ് നോമ്പ് തുറന്നത്. ഈ സംഭവമാണ് ഏറെ വിവാദത്തിന് തിരികൊളുത്തിയത്.

Latest