സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ പ്രതിരോധം തീര്‍ക്കും:ഡിവൈഎഫ്‌ഐ

Posted on: June 28, 2017 11:23 pm | Last updated: June 28, 2017 at 11:23 pm

മലപ്പുറം : രാജ്യത്ത് മുസ്‌ളിംദളിത് വിഭാഗങ്ങള്‍ക്കുനേരെ കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നല്‍കും. ദേശീയതലത്തില്‍ ലീഗല്‍ സബ് കമ്മിറ്റി രൂപീകരിച്ച് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കിയതടക്കം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണപരാജയം മറയ്ക്കാന്‍ രാജ്യത്ത് ബോധപൂര്‍വം നടത്തുന്ന വര്‍ഗീയ അതിക്രമങ്ങള്‍ക്കെതിരെ ദേശീയ പ്രക്ഷോഭമാരംഭിക്കും.

ജൂലൈ അഞ്ചുമുതല്‍ 12 വരെ രാജ്യവ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ യോജിക്കാവുന്ന എല്ലാവരെയും പ്രക്ഷോഭങ്ങളില്‍ അണിനിരത്തും. മോഡി ഭരണം മുസ്‌ളിങ്ങളുടെയും ദളിതരുടെയും സ്വൈരജീവിതം തകര്‍ഷ;ത്തു. കേന്ദ്ര മന്ത്രിമാരുടെയും ഉത്തരവാദപ്പെട്ട ഭരണമുന്നണി നേതാക്കളുടെയും പ്രസ്താവനകളും പ്രസംഗങ്ങളും അക്രമങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. പെഹ്ലുഖാനും ജുനൈദുമടക്കം രാജ്യത്ത് സംഘപരിവാര്‍ അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണംകൂടുകയാണ്. രജിസ്റ്റര്‍ചെയ്യുന്ന കേസുകളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ല. കുറ്റക്കാര്‍ക്കെതിരെ നപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യവുമില്ല. സംഘപരിവാര്‍ അതിക്രമങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ നിയമസഹായമടക്കം എല്ലാ പിന്തുണയും നല്‍കും. അക്രമങ്ങള്‍ തുറന്നുകാട്ടാന്‍ നവമാധ്യമ പ്രചാരണവും ഫോട്ടോപ്രദര്‍ശനവും നടത്തും.
ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍ സെക്രട്ടറി അബ്ദുളള നവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.