Connect with us

Sports

ബി സി സി ഐക്ക് ഐ സി സി വരുമാനം 405 ദശലക്ഷം ഡോളര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡായ ബി സി സി ഐക്ക് ലഭിക്കുന്ന വരുമാന വിഹിതം 405 ദശലക്ഷം ഡോളര്‍. ലണ്ടനില്‍ ചേര്‍ന്ന ഐ സി സി യുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം.
293 ദശലക്ഷം ഡോളര്‍ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ബി സി സി ഐ വഴങ്ങാഞ്ഞതോടെ ദീര്‍ഘമായ ചര്‍ച്ച തന്നെ നടന്നു. മുന്‍ ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹറാണ് ഐ സി സിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ ഇടപെടലിന്റെ ഭാഗമായി നൂറ് ദശലക്ഷം കൂടി വര്‍ധിപ്പിച്ച് നല്‍കാന്‍ തീരുമാനമായി. എന്നാല്‍, അവിടെയും ബി സി സി ഐ അധികൃതര്‍ വഴങ്ങിയില്ല. ഏറ്റവുമൊടുവില്‍ 112 ദശലക്ഷം ഡോളറില്‍ കരാര്‍ ഉറപ്പിച്ചു. ബി സി സി ഐ ആവശ്യപ്പെട്ടത് 570 ദശലക്ഷം ഡോളറായിരുന്നു. എന്നാല്‍, തന്റെ നാട്ടുകാരുടെ ആവശ്യത്തിന് മുന്നില്‍ ശശാങ്ക് മനോഹര്‍ വഴങ്ങിക്കൊടുത്തില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കുവാന്‍ ശശാങ്ക് മനോഹര്‍ മുന്‍കൈയ്യെടുത്തതോടെ അനിശ്ചിതത്വം നീങ്ങി.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്നതിനേക്കാള്‍ 266 ദശലക്ഷം ഡോളര്‍ അധികമാണ് ബി സി സി ഐക്ക് ലഭിക്കുക. 139 ദശലക്ഷം ഡോളറാണ് ഇംഗ്ലണ്ടിന് ഐ സി സിയില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന വരുമാന വിഹിതം. ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് 128 ദശലക്ഷം ഡോളര്‍ വീതം ലഭിക്കും. സിംബാബ് വെക്ക് 94 ദശലക്ഷം ഡോളറാണ് ലഭിക്കുക.

Latest