സഞ്ജയ് ദത്തിന്റെ ശിക്ഷാ ഇളവ്: സര്‍ക്കാറിനെതിരെ ബോംബെ ഹൈക്കോടതി

മുംബൈ: ശിക്ഷാ കാലാവധി പൂര്‍ത്തീകരിക്കും മുമ്പ് നടന്‍ സഞ്ജയ് ദത്തിനെ ജയില്‍ മോചിതനാക്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടിക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ദത്തിന് വി ഐ പി പരിഗണന നല്‍കിയ സര്‍ക്കാര്‍ നിലപാടിനെയും പൊതുതാത്പര്യ ഹരജി പരിഗണിക്കവെ കോടതി വിമര്‍ശിച്ചു. സഞ്ജയ് ദത്തിന് ഏതൊക്കെ ചട്ടങ്ങള്‍ പാലിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തെ ശിക്ഷാ കാലയളവ് പൂര്‍ത്തീകരിക്കുന്നതിന് എട്ട് മാസം മുമ്പാണ് സഞ്ജയ് ദത്ത് ജയില്‍ മോചിതനായത്. നല്ല നടപ്പിനാണ് ശിക്ഷയില്‍ ഇളവ് നല്‍കിയതെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ 'നല്ല പെരുമാറ്റത്തിന് എട്ട് മാസം ശിക്ഷാ ഇളവോ' എന്നാണ് കോടതി സര്‍ക്കാറിനോട് ചോദിച്ചത്. 1993ലെ ബോംബെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ സൂക്ഷിച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്തിന് സുപ്രീം കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചത്. 18 മാസം തടവില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ദത്ത് സുപ്രീം കോടതി ശാസനയെ തുടര്‍ന്ന് വീണ്ടും ജയിലില്‍ എത്തുകയായിരുന്നു. പിന്നീട്, ശിക്ഷാ കാലയളവ് എട്ട് മാസം ശേഷിക്കെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോചിതനായി. ഇത് ചോദ്യം ചെയ്ത് പൂനെ സ്വദേശിയായ പ്രദീപ് ഭലേക്കറാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
Posted on: June 12, 2017 11:30 pm | Last updated: June 12, 2017 at 11:30 pm