ഖത്വര്‍ പത്രങ്ങള്‍ക്ക് യു എ ഇയില്‍ വിലക്ക്

Posted on: June 11, 2017 2:02 pm | Last updated: June 11, 2017 at 8:03 pm

ദോഹ: ഖത്വറിലെ പ്രാദേശിക പത്രങ്ങള്‍ക്കും യു എ ഇ വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ പ്രധാന പത്രങ്ങളുടെ വെബ്‌സൈറ്റുകളെല്ലാം അവിടെ തുറക്കുന്നത് തടസപ്പെടുത്തി. ദി പെനിന്‍സുല പത്രത്തിന്റെ സൈറ്റ് അധികൃതര്‍ ബ്ലോക്ക് ചെയ്തതായി പത്രം അറിയിച്ചു. ഗള്‍ഫ് ടൈംസ്, ഖത്വര്‍ ട്രിബ്യൂണ്‍ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങള്‍ക്കും അറബി പത്രങ്ങള്‍ക്കും വിലക്കുണ്ട്. അല്‍ ജസീറ വെബ്‌സൈറ്റിനും ടെലിവിഷനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

വാര്‍ത്താ സൈറ്റുകള്‍ തുറക്കാനാകുന്നില്ലെന്ന് യു എ ഇയില്‍ നിന്നുള്ള വായനക്കാര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തു വസിക്കുന്നവര്‍ ഖത്വറിനോട് അനുഭാവം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായം രേഖപ്പെടുത്തരുതെന്ന് കഴിഞ്ഞ ദിവസം യു എ ഇ ആവശ്യപ്പെട്ടിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. എഴുതുന്നതിനും പറയുന്നതിനുമെല്ലാം വിലക്കുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത സംഖ്യ പിഴയുമാണ് ശിക്ഷ. ഖത്വര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റിനും യു എ ഇയില്‍ നിരോധനമുണ്ട്.

അതേസമയം യു എ ഇ മാധ്യമങ്ങള്‍ക്ക് ഖത്വറില്‍ വിലക്കില്ല. ഒരു തരത്തിലുള്ള സെന്‍സറിഗും ഏര്‍പ്പെടുത്തിയിട്ടില്ല. അയല്‍ രാജ്യങ്ങളെ ആക്ഷേപിച്ചു കൊണ്ട് മുറുപടി പറയാനോ അഭിപ്രായം രേഖപ്പെടുത്താനോ തയാറാകരുതെന്ന നിര്‍ദേശമാണ് ഖത്വര്‍ ഗവണ്‍മെന്റ് പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും നല്‍കിയത്. സാംസ്‌കാരിക മൂല്യങ്ങള്‍ സൂക്ഷിക്കണമെന്നും ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.