ഖത്വരികളെ വിവാഹം കഴിച്ചവര്‍ക്ക് ഉപരോധത്തില്‍ ഇളവ് പ്രഖ്യാപിച്ചു

Posted on: June 11, 2017 4:48 pm | Last updated: June 22, 2017 at 9:42 pm
വേർപിരിയൽ ഭീഷണി നേരിട്ട ഖത്വരി കുടുംബങ്ങൾ അൽ ജസീറ ടിവിക്കു മുന്നിൽ

ദോഹ: ഖത്വറിനു മേല്‍ ഉപരോധമേര്‍പ്പെടുത്തിയതിെത്തുടര്‍ന്ന് വേര്‍പിരിയല്‍ ഭീഷണി നേരിട്ടിരുന്ന ഗള്‍ഫ് അറബ് കടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ യു എ ഇ, സഊദി, ബഹ്‌റൈന്‍ രാജ്യങ്ങള്‍ സന്നദ്ധമായി. ഖത്വരി പൗരത്വമുള്ളവരെ വിവാഹം ചെയ്തവര്‍ക്ക് ആവശ്യമായ മാനുഷികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശം നല്‍കി. സഊദി രാജാവും ബഹ്‌റൈന്‍ രാജാവും സമാനമായ തീരുമാനം പ്രഖ്യാപിച്ചു. ഇത്തരം കുടുംബങ്ങള്‍ക്കു വേണ്ടി മൂന്നു രാജ്യങ്ങളിലും ഹോട്ട്‌ലൈന്‍ ആരംഭിച്ചു.
അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് നിരവധി ഗള്‍ഫ് കുടുംബങ്ങള്‍ വേര്‍പിരിയല്‍ പ്രിതസന്ധി നേരിടുകയാണെന്നും വിദ്യാര്‍ഥികളും വ്യാപാര, വ്യാവസായ, തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പ്രശ്‌നം നേരിടുന്നതായും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഖത്വര്‍ ദേശീയ മനുഷ്യാവകാശ സമിതി രംഗത്തു വന്നിരുന്നു. രാജ്യാന്തര തലത്തിലും വിഷയം സജീവ ശ്രദ്ധയില്‍ വന്നു. മാനുഷിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭയും ആംനസ്റ്റി ഇന്റര്‍നാഷനലും അഭപ്രായപ്പെട്ടു. ഇതിനു പിന്നാലെയാണ് അടിയന്തര നടപടികളുമായി ഇന്നെ മൂന്നു ഉപരോധ രാജ്യങ്ങളും രംഗത്തു വന്നത്.
ഖത്വരികളുമായി വിവാഹ ബന്ധം പുലര്‍ത്തുന്ന പൗരന്‍മാര്‍ക്ക് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള നയതന്ത്ര വിച്ഛേദ നടപടികളില്‍ നിന്ന് സ്വാഭാവികമായ ഇളവ് അനുവദിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്‍കിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എന്നാല്‍ മറ്റു മേഖലയിലെല്ലാം ഖത്വറിനെതിരായി സ്വീകരിച്ച നടപടികള്‍ തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. ബഹ്‌റൈനി-ഖത്വരി മിശ്ര കുടുംബങ്ങള്‍ നേരിടുന്ന മാനുഷിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സഊദികളുമായി വിവാഹ, കുടുംബ ബന്ധം പുലര്‍ത്തി വരുന്ന ഖത്വരി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായ പരിഗണന നല്‍കുന്നതായി സഊദി സര്‍ക്കാറും അറിയിച്ചു. രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്. മുശ്ര കുടുംബങ്ങള്‍ക്കു നല്‍കുന്ന മാനുഷിക പരിഗണനയാണിതെന്നും അറിയിപ്പില്‍ പറയുന്നു.
വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഖത്വരി പൗരന്‍മാരോട് 14 ദിവസത്തിനകം രാജ്യം വിട്ടു പോകാന്‍ കല്‍പ്പിച്ചതിനൊപ്പം ഖത്വരി പൗരന്‍മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും സഊദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങള്‍ നിരോധമേര്‍പ്പെടുത്തിയിരുന്നു. ഖത്വറിലുള്ള സ്വന്തം പൗരന്‍മാരോട് സ്വദേശങ്ങളിലേക്കു പോകാനും ആവശ്യപ്പെട്ടു. ആയിരക്കണക്കിനു ഖത്വരികളെയും ഉപരോധ രാജ്യങ്ങളിലെ പൗരന്‍മാരെയും ബാധിക്കുന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ദേശീയ മനുഷ്യാവാകാശ സമിതി രംഗത്തു വന്നത്.