Connect with us

Gulf

ഖത്വര്‍: വേര്‍പിരിയലിന്റെ വേദനയില്‍ ഗള്‍ഫ് കുടുംബങ്ങള്‍

Published

|

Last Updated

ദോഹ: ഖത്വറുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനെത്തുടര്‍ന്ന് പൗരന്‍മാര്‍ക്ക് പരസ്പരം യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തിയ സഊദി, യു എ ഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ നടപടി നിരവധി അറബ് കുടുംബങ്ങളില്‍ വിള്ളലുകളുണ്ടാക്കുകയും രണ്ടു രാജ്യങ്ങളിലായി അകന്നു ജീവിക്കേണ്ട സാഹചര്യവുമുണ്ടാക്കുന്നതായും റിപ്പോര്‍ട്ട്. ചില കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാതാവിനെയോ ചിലര്‍ക്ക് പിതാവിനെയോ ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയാണ്. പരസ്പരം വിവാഹം കഴിച്ച കുടുംബങ്ങളാണ് പുതിയ പ്രതിസന്ധിയുടെ ഇരകള്‍. ദേശീയ മനുഷ്യാവകാശ സമിതി ഈ പ്രശ്‌നം കഴിഞ്ഞ ദിവസം ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
നിരവധി ബഹ്‌റൈന്‍, യു എ ഇ, സഊദി പൗരന്‍മാര്‍ ഖത്വരി സ്ത്രീകളെ വിവാഹം ചെയ്തു ജീവിച്ചു വരുന്നുണ്ട്. ഖത്വരി പുരുഷന്‍ന്മാരില്‍ തിരിച്ചു ഈ രാജ്യങ്ങളില്‍ നിന്ന് വിവാഹം ചെയ്തവരുമുണ്ട്. ഇവരെല്ലാം അവരവരുടെ രാജ്യത്തു തന്നെ പൗരത്വം തുടരുന്നവരാണ്. കുട്ടികള്‍ക്ക് സാധാരണ ഗതിയില്‍ ഭര്‍ത്താക്കന്‍മാരുടെ നാട്ടിലെ പൗരത്വമാണ് ലഭിക്കുക. ഖത്വറില്‍ ഭാര്യമാരോ ഭര്‍ത്താക്കന്‍മാരോ ഉള്ള 6,474 കുടുംബങ്ങളുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ സമിതി കണക്ക്. സഊദി സ്വദേശികളായ 8254 പേരും 784 യു എ ഇ, 2349 ബഹ്‌റൈനി പൗരന്‍മാരും രാജ്യത്ത് വസിക്കുന്നു. ഇവരോടെല്ലാം തിരിച്ചു വരാനാണ് അതതു രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ചാര, വാസ സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്ന മനുഷ്യാവകാശ ലംഘനമാണിതെന്നും ഐക്യരാഷ്ട്രസഭ ഇടപെടണമെന്നും കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
തങ്ങളെ വേര്‍ പിരിക്കരുതെന്നും ഇനിയുള്ള കാലവും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് പുതിയ പ്രതിസന്ധിയെത്തുര്‍ന്ന് വേര്‍ പിരിയേണ്ടി വരുന്ന കുടുംബങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളെയാകെ ഒറ്റ നാടായാണ് കണ്ടതെന്നും ഇതുവരെ വ്യത്യസ്തത തോന്നിയിട്ടില്ലെന്നും ഇനിയും അതുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പിരിയേണ്ടി വരുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ പറഞ്ഞു.
14 ദിവസത്തിനകം തിരികെയെത്താനാണ് രാജ്യങ്ങള്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുപോലെ ഈ രാജ്യങ്ങളിലുള്ള ഖത്വരി പൗരന്‍മാരോടും 14 ദിവസത്തിനകം സ്വദേശത്തേക്കു തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടിണ്ടുണ്ട്. വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വിവാഹം കഴിച്ച് അവിടെ കുടുംബമായി ജീവിക്കുന്ന ഖത്വരികളും വേര്‍പിരിയല്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
ഖത്വറില്‍ നിന്നു വിവാഹം കഴിച്ച് നാലു വര്‍ഷമായി ഇവിടെ ജോലി ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കുന്ന സഊദി പൗരന്‍ കുട്ടികളോടൊപ്പം ഭാര്യയെ ഇവിടെ തനിച്ചാക്കി പോകേണ്ടി വരുമെന്ന ആശങ്കയിലാണ്. അങ്ങനെ വേണ്ടി വന്നാല്‍ അത് തന്റെ ജീവിതത്തിലെ വലിയ ദുരന്തമായിരിക്കുമെന്ന് അദ്ദേഹം അല്‍ ജസീറയോട് പ്രതികരിച്ചു.
മരണപ്പെട്ടു പോയ സഊദി ഭര്‍ത്താവിന്റെ അംഗവൈകല്യമുള്ള മക്കളുമായി ജീവിക്കുന്ന ഖത്വരി വനിതയും ആശങ്ക പങ്കുവെച്ചു. മുഴുസമയം പരിചരണം ആവശ്യമുള്ള മക്കളെ എങ്ങനെ സഊദിയിലേക്ക് ഒറ്റക്കു പറഞ്ഞയക്കുമെന്നതാണ് അവരുടെ ഭീതി. ഇതിനു പുറമേ വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്നവരും സ്വന്തമായി ആസ്തിയുള്ളവരും ജോലി ചെയ്യുന്നവരും പുതിയ സാഹചര്യങ്ങളില്‍ പ്രതിസന്ധി നേരിടുകയാണ്.

Latest