യെച്ചൂരിക്കെതിരായ ആക്രമണം; പ്രതിഷേധം കത്തുന്നു; പ്രാകൃതമെന്ന് ആന്റണി

Posted on: June 7, 2017 5:51 pm | Last updated: June 7, 2017 at 7:36 pm

തിരുവനന്തപുരം: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായ ഹിന്ദുസേനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധം കത്തുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യെച്ചൂരിക്കെതിരായ ആക്രമണം പ്രാകൃതമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പ്രതികരിച്ചു. സംഘപരിവാറിനെ എതിര്‍ക്കുന്നവരെ കീഴടക്കുമെന്ന ഭീഷണിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശയങ്ങളെ ആയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിവില്ലാത്ത ഭീരുക്കളാണ് ആക്രമണം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സംഘപരിവാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടെന്ന പ്രഖ്യാപനമാണിതെന്നും മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിക്ക് നേരെയുള്ള സംഘ് പരിവാര്‍ അക്രമത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയില്‍ ഇനിയും ഫാസിസം സമാഗതമായിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സിപിഎം. പിബി അംഗം വൃന്ദ കാരാട്ട്, എംബി രാജേഷ് എംപി തുടങ്ങിയവര്‍ പ്രതിഷേധിച്ചു.