Connect with us

Editorial

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണം

Published

|

Last Updated

സംസ്ഥാനത്തിന്റെ താത്പര്യത്തിലുപരി ഗൗതം അദാനിയുടെയും കേന്ദ്രസര്‍ക്കാറിന്റെയും നിക്ഷിപ്ത താത്പര്യങ്ങളാണ് വിഴിഞ്ഞം തുറമുഖ കരാറിന് പിന്നിലെന്ന ആരോപണത്തിന് അടിവരയിടുന്നതാണ് സി എ ജി റിപ്പോര്‍ട്ട്. പദ്ധതിയുടെ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ലഭിക്കുമെന്നും ചൊവ്വാഴ്ച നിയമ സഭയില്‍ വെച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വി എസ് സര്‍ക്കാറിന്റെ കാലത്ത് കരാര്‍ കാലാവധി 30 വര്‍ഷമായിരുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കരാര്‍ പുതുക്കിയപ്പോള്‍ ലൈസന്‍സ് കാലാവധി 40 വര്‍ഷം വേണമെന്ന ഉപാധിയടക്കം അദാനി വെച്ച നിബന്ധനകളെല്ലാം അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, പദ്ധതിയുടെ രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാല്‍ 20 വര്‍ഷം കൂടി നീട്ടിക്കൊടുക്കാമെന്നും കരാറിലുണ്ട്. ഇത് നടപ്പിലായാല്‍ അദാനിക്ക് പിന്നെയും 61,095 കോടി രൂപ അധിക വരുമാനം ലഭിക്കും. സര്‍ക്കാര്‍ ചെലവഴിച്ച തുക പതിനൊന്നാം വര്‍ഷം മുതല്‍ തിരിച്ചു നല്‍കണമെന്ന വ്യവസ്ഥയും കരാര്‍ പുതുക്കിയപ്പോള്‍ അട്ടിമറിച്ചു. 15 ാം വര്‍ഷം മുതല്‍ക്കാണ് പുതിയ കരാറില്‍ തിരിച്ചു നല്‍കേണ്ടത്. ആദ്യ കരാറില്‍ രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. വരുമാന വിഹിതത്തെപ്പറ്റി നിബന്ധനകളും ഉണ്ടായിരുന്നില്ല.

7525 കോടി രൂപ മുതല്‍ മുടക്കുള്ള പദ്ധതിയുടെ 68 ശതമാനവും അഥവാ 5071 കോടി രൂപയും മുടക്കുന്നത് സംസ്ഥാനസര്‍ക്കാറാണ്. അദാനി മുടക്കുന്നത് പദ്ധതിചെലവിന്റെ 32 ശതമാനമായ 2454 കോടി മാത്രവും. എന്നിട്ടും പണി പൂര്‍ത്തിയായതിനു ശേഷമുള്ള വരുമാനത്തിന്റേയും, ലാഭത്തിന്റേയും സിംഹഭാഗവും അദാനിക്കാണ് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പദ്ധതി കരാര്‍ സംസ്ഥാനത്തിന് വലിയ തോതില്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇതിന്റെ കണക്ക് ശരിയായ രീതിയില്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍മിക്കുന്ന മത്‌സ്യബന്ധന തുറമുഖത്തു നിന്ന് യൂസര്‍ഫീ പിരിക്കാന്‍ കരാര്‍ പ്രകാരം കമ്പനിക്കാണ് അധികാരം. ഇത് അര്‍ഹതയില്ലാത്ത അധികവരുമാനം അദാനിക്ക് നേടിക്കൊടുക്കും. നേരത്തെ ലാന്റ് ലോര്‍ഡ് പോര്‍ട്ട് ആയി വിഭാവനം ചെയ്ത പദ്ധതി പിന്നീട് പ്രത്യേക സാമ്പത്തിക സോണായി പ്രഖ്യാപിച്ചു അദാനിക്ക് പാട്ടത്തിന് തീറെഴുതിക്കൊടുക്കുകയാണുണ്ടായത.്

മോദിയുടെ അടുത്ത സുഹൃത്താണ് അദാനി. മോദിയുടെ പല യാത്രകളും, പാര്‍ട്ടി പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്ന അദാനി കമ്പനി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ കൈയയച്ചു സഹായിച്ചിട്ടുണ്ട്. മോദിയുടെ താത്പര്യ പ്രകാരമാണ് അദാനി വിഴിഞ്ഞം കരാറിന് വേണ്ടി രംഗത്ത് വന്നതെന്ന് പറയപ്പെട്ടിരുന്നു. മോദിയുടെ അമേരിക്ക, ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങി പല വിദേശ സന്ദര്‍ശനങ്ങളിലും അദാനി വ്യവസായ പ്രതിനിധി കൂടെയുണ്ടാകും. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടും അദാനിയും സംഘവും തിരുവനന്തപുരത്തെത്തിയപ്പോള്‍ കരാറില്‍ ഒപ്പ് വെക്കുന്നതിന് മുമ്പായി ബി ജെ പി ഓഫീസില്‍ കയറി പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. അദാനി ഗ്രൂപ്പിന്റെ ആസ്‌ത്രേലിയന്‍ കല്‍ക്കരി കമ്പനിക്ക് വായ്പ നല്‍കാന്‍ അഞ്ച് അന്താരാഷ്ട്ര ബേങ്കുകള്‍ വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയെ കൊണ്ട് 6500 കോടി രൂപ വായ്പ അനുവദിപ്പിച്ചത് മോദിയുടെ സമ്മര്‍ദ്ദ ഫലമായിരുന്നുവെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. മോദി ഗുജറാത്ത് മുഖ്യമന്തിയായതിന് ശേഷമായിരുന്നു ഒരു ചെറിയ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായിരുന്ന ഗൗതം അദാനിയുടെ അതിവേഗവളര്‍ച്ച.

അദാനി മോദിയുടെ അടുത്ത സുഹൃത്തായതിനല്‍ പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ വിധ സഹകരണവും സഹായവും ലഭിക്കുമെന്നും പദ്ധതിക്ക് മുടക്കം വരില്ലെന്നുമായിരുന്നു അദാനി മുമ്പോട്ട് വെച്ച എല്ലാ നിബന്ധനകളും അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തിന് തന്നെ കരാര്‍ നല്‍കിയതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞ ന്യായീകരണം. പദ്ധതിക്കെതിരെ കേന്ദ്ര ഭരണകക്ഷിയില്‍ നിന്ന് അഴിമതി ആരോപണം ഉയരില്ലെന്നും കേന്ദ്രത്തിലെ ചുവപ്പു നാടകളും നൂലാമാലകളും ഇല്ലാതാകുമെന്നും യു ഡി എഫ് കണക്ക് കൂട്ടിയിരിക്കണം. എന്നാല്‍ പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന പ്രത്യേക സമിതി അദാനിയുടെ ടെന്‍ഡര്‍ അപ്പടി അംഗീകരിച്ചതിന് അഴിമതിയുടെ പിന്നാമ്പുറങ്ങളുണ്ടെന്നാണ് വി എസിന്റെ അഭിപ്രായം.

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങളെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ജീവിതോപാധികള്‍ നഷ്ടപ്പെടുന്നതിനെയും കുറിച്ചു നാളിതുവരെയായി ശരിയായ പഠനം പോലും നടത്തിയിട്ടില്ല. പദ്ധതിക്കാവശ്യമായ കല്ലിന്റെയും മണ്ണിന്റെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് സമീപപ്രദേശങ്ങളിലെ കരിങ്കല്‍ ക്വാറികളുടെ എണ്ണം വര്‍ധിക്കാനും മലകള്‍ ഇടിച്ചു നിരപ്പാക്കാനും അതുവഴി കിണറുകള്‍ വറ്റി കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥ സംജാതമാകാനും ഇടവരുത്തുമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും അഭിപ്രായപ്പെട്ടത് പോലെ വിഴിഞ്ഞം കരാര്‍ സമഗ്ര പഠനത്തിന് വിധേയമാക്കുകയും സംസ്ഥാനത്തിന് ഗുണകരമല്ലെങ്കില്‍ പൊളിച്ചെഴുതുകയും ചെയ്യേണ്ടതുണ്ട്.

Latest