എയിംസ് പരീക്ഷക്ക് തട്ടം ധരിക്കുന്നതിന് തടസ്സമില്ല

Posted on: May 24, 2017 6:42 pm | Last updated: May 24, 2017 at 10:07 pm

കൊച്ചി: ഈ മാസം 28ന് നടക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രവേശന പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ തട്ടം ധരിച്ചു വരുന്നതിന് തടസ്സമില്ലെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

ഇതു സംബന്ധിച്ച കേരള ഹൈക്കോടതിയില്‍ ലഭിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി എയിംസ് അധികൃതര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ തട്ടം ധരിച്ചു വരുന്നവര്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തി പരിശോധനയ്ക്ക് വിധേയരാവണമെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.

എയിംസിന്റെ വിശദീകരണത്തെ തുടര്‍ന്ന് ഹര്‍ജി തീര്‍പ്പാക്കുന്നതായി ഹൈക്കോടതി അറിയിച്ചു.നേരത്തെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ തട്ടവും വസ്ത്രവും അഴിപ്പിച്ചതും ചിലരുടെ വസ്ത്രഭാഗങ്ങള്‍ മുറിച്ചു മാറ്റിയതും വലിയ വിവാദമായിരുന്നു.