മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ തോല്‍വിയുണ്ടാക്കിയ ആഘാതം: മജീദ്

Posted on: April 19, 2017 12:06 am | Last updated: April 19, 2017 at 12:06 am

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ സി പി എം നേതാക്കള്‍ക്ക് വിറളിപൂണ്ടിരിക്കുകയാണെന്നും ഇതാണ് മലപ്പുറത്തെ ഒന്നാകെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള കാരണമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മലപ്പുറത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് വര്‍ഗീയ ചീട്ടിറക്കി നേട്ടം കൊയ്യാന്‍ ശ്രമിച്ചത് സി പി എമ്മാണ്. ഇതിന്റെ ഭാഗമായാണ് സയ്യിദ് ഹൈദരലി തങ്ങളെ യോഗി ആദിത്യനാഥിനോട് ഉപമിച്ച് സി പി എം നേതാക്കള്‍ പ്രസ്താവന നടത്തിയത്.

ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിച്ചതും സി പി എമ്മാണ്. ഇത്‌കൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് മലപ്പുറത്ത് ലഭിച്ച വോട്ടുകള്‍ ഇത്തവണ സി പി എമ്മിന് ലഭിച്ചത്. സി പി എമ്മിന്റെയും ബി ജെ പിയുടെയും വോട്ടുനില പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.