Connect with us

Kasargod

സ്‌കൂള്‍സ്ഥലം കയ്യേറി വയോജനമന്ദിരം നിര്‍മിക്കുന്നു; നഗരസഭക്കെതിരെ പ്രതിഷേധവുമായി ലീഗും ബിജെപിയും

Published

|

Last Updated

കാഞ്ഞങ്ങാട്: സ്‌കൂളിന്റെ കളിസ്ഥലം കൈയ്യേറി വയോജനമന്ദിരം നിര്‍മിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിര്‍മാണ പ്രവൃത്തിക്കെതിരെ പ്രക്ഷോഭ പരിപാടികളുമായി മുസ്‌ലിം ലീഗ്, ബിജെപി, കെ എസ് യു, എംഎസ്എഫ്, എ ബി വിപി തുടങ്ങിയ നിരവധി സംഘടനകള്‍ രംഗത്ത് വന്നു.

30 ലക്ഷം രൂപ ചിലവിലാണ് കാഞ്ഞങ്ങാട് നിത്യാനന്ദ കോട്ടക്ക് സമീപത്തെ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ അധീനതയിലുള്ള മൈതാനിയില്‍ വയോജനമന്ദിരം നിര്‍മിക്കാന്‍ നഗരസഭ തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി സ്റ്റേഡിയം നിര്‍മിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു സംഘടനകളും സമരരംഗത്തിറങ്ങും.
സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം ചെലവഴിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ വ്യാജരേഖകളുണ്ടാക്കി കെട്ടിടങ്ങള്‍ പണിയുന്നതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ വയോജന മന്ദിരം നിര്‍മിക്കുന്നതെന്നും ഇതിനെ എന്ത് വില കൊടുത്തും നേരിടുമെന്നും എം എസ് എഫ് മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ ഗ്രൗണ്ടില്‍ കെട്ടിടം നിര്‍മിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ്് നോയല്‍ ടോമിന്‍ ജോസഫും പറഞ്ഞു. സ്വന്തമായി മിനി സ്റ്റേഡിയമില്ലാത്ത നഗരസഭയില്‍ ഉള്ള സ്റ്റേഡിയം തന്നെ ഇല്ലാതാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്് അഡ്വ. കെ ശ്രീകാന്ത് ആരോപിച്ചു.
അതേസമയം മൈതാനും തനതു രീതിയില്‍ സംരക്ഷിച്ചുകൊണ്ടാണ് വയോജനമന്ദിരം പണിയുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശനും വ്യക്തമാക്കി.

 

Latest