Connect with us

Articles

ഓണ്‍ലൈന്‍ മഴു, ഓണ്‍ലൈന്‍ മഴ...

Published

|

Last Updated

മൊബൈല്‍ഫോണ്‍ പച്ചപിടിച്ചു തുടങ്ങുന്ന കാലം. നാട്ടുകാര്‍ സിം കാര്‍ഡിനായി നെട്ടോട്ടമോടുന്ന കാലം. അങ്ങനെയൊരു കാലമുണ്ടായിരുന്നു. ഇന്ന് എ ടി എമ്മിനും ബേങ്കിനും മുമ്പിലെ ക്യൂ പോലെയായിരുന്നു ബി എസ് എന്‍ എല്‍ ഓഫിസിന് മുമ്പിലും. സിമ്മിനാണ്. ആളുകള്‍ ചൂടേറ്റ് തളര്‍ന്നിട്ടും മഴയേറ്റ് നനഞ്ഞിട്ടും ക്യൂവില്‍ നിന്നിളകിയില്ല. ഭക്ഷണമില്ലെങ്കിലും സിം കിട്ടിയാല്‍ മതിയായിരുന്നു. അന്നേ ഓഫര്‍ ഉണ്ടായിരുന്നു. ആജീവനാന്തം.

പണം കയറ്റിയാല്‍ മതി, വിളിക്കാം. കമ്പനികള്‍ വലിയ പ്രചാരണ കോലാഹലമാണ് നടത്തിയത്. മിക്കവരും അതില്‍ വീണു പോയി. പിന്നെയോ? കമ്പനികള്‍ വാക്കുമാറി. പറഞ്ഞുപറ്റിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആജീവനാന്തം ഇല്ല. ഇനി ആറുമാസം കൂടുമ്പോള്‍ ടോപ് അപ് കയറ്റണം. എങ്കിലേ വാലിഡിറ്റി കിട്ടൂ. മുമ്പ് ഒരു മാസമായിരുന്നു വിളിക്കാലാവധി. അതിപ്പോള്‍ 28ദിവസമാക്കി. മാസത്തില്‍ രണ്ട് ദിവസം ലാഭം. 14 മാസം കഴിഞ്ഞാല്‍ കമ്പനികള്‍ക്ക് ഒരു മാസം ഫ്രീ!
പണം കൈയില്‍ വെക്കേണ്ടെന്ന് പറഞ്ഞത് ബേങ്കുകാരാണ്. വീട്ടിലാണെങ്കില്‍ പണം കള്ളന്‍മാര്‍ കൊണ്ടുപോകും, ഒന്നുറങ്ങാന്‍ പോലുമാകില്ല. ബേങ്കിലിട്ടാല്‍ പലിശ തരും. സുരക്ഷിതവും. നാട്ടുകാര്‍ അതങ്ങ് വിശ്വസിച്ചു. എല്ലാ ഇടപാടും ബേങ്ക് വഴിയാക്കി. എടി എം വന്നു, ഇടപാടുകാര്‍ അങ്ങോട്ടായി. എ ടി എം വഴി എത്ര ഇടപാടും നടത്താമെന്നായി. പിന്നെ അവരും വാക്ക് മാറി. ഫ്രീ ഇടപാടിന് നിയന്ത്രണമായി.
നോട്ട് നിരോധിച്ചതോടെയാണ് ശരിക്കും കുടുങ്ങിയത്. പണമെടുക്കാന്‍ ക്യൂ നില്‍ക്കണമെന്നായി. ഇപ്പോഴിതാ പിഴയോട് പിഴ. പണം കൂടുതല്‍ തവണ നിക്ഷേപിച്ചാല്‍ പിഴ. പിന്‍വലിച്ചാല്‍ പിഴ. തൊട്ടതിനൊക്കെ പിഴ. പിഴബേങ്ക്. വീണ്ടും പറ്റിച്ചല്ലോ? ഇനി ബേങ്കിനെ മൂന്നില്‍ കൂടുതല്‍ തവണ നോക്കിയാലും പിഴ വീണേക്കും.

ഈ തട്ടിപ്പ് പഠിച്ചത് എവിടെ നിന്നാണെന്നോ? രാഷ്ട്രീയക്കാരെ കണ്ട് പഠിച്ചതാകാനാണിട. എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വീട്, പട്ടിണി മാറ്റും, ദാരിദ്ര്യം തുടച്ചുനീക്കും ഇങ്ങനെയായിരുന്നല്ലോ വാഗ്ദാനങ്ങള്‍. പിന്നീടെന്തുണ്ടായി? എന്തൊക്കെയോ ചിലത് നടന്നു. ഇന്നും പട്ടിണി പട്ടിണി പോലെയും ദാരിദ്ര്യം ദാരിദ്ര്യം പോലെയും തൊഴിലില്ലായ്മ തൊഴിലില്ലായ്മ പോലെയും…അപ്പോള്‍ കമ്പനികള്‍ക്കും തോന്നിക്കാണും ഇക്കളി നമുക്കും കളിക്കാമെന്ന്. ഈ ചെറിയ കളികള്‍ ആരുകാണാനാണ്?

എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന കാലമാണ്. ഒറ്റ ക്ലിക്കില്‍ എല്ലാം വരും. തിരുവനന്തപുരത്തെ കൂട്ടകൊലപാതകത്തിന് ഉപയോഗിച്ച മഴുവും ഓണ്‍ലൈനില്‍ വാങ്ങിയതാണത്രേ! ഇതിനിടയില്‍ വലിയ തട്ടിപ്പുകളും ഉണ്ട്. പറഞ്ഞു പറ്റിക്കല്‍. ഫോണ്‍ ആവശ്യപ്പെട്ടവന് കിട്ടിയത് നാലഞ്ചു കല്ലുകള്‍. ഓണ്‍ലൈന്‍ ഇടപാട് സുരക്ഷിതമാണ്, എല്ലാവരും ഓണ്‍ലൈന്‍ ആകൂ എന്നായിരുന്നു പരസ്യം. കുറച്ചാളുകള്‍ അങ്ങോട്ടോടി. അപ്പോഴതാ നമ്മുടെ പണം നൈജീരിയയില്‍ നിന്ന് പിന്‍വലിക്കുന്നു!
മഴുവും കിട്ടി. ഇനി എന്താണ് ഓണ്‍ലൈനില്‍ കിട്ടാത്തത്? മഴ കിട്ടുമോ, ഓണ്‍ലൈന്‍ മഴ!

 

---- facebook comment plugin here -----

Latest