ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ ആംബുലന്‍സ് അല്‍ മഹത്ത മ്യൂസിയത്തിന് സ്വന്തം

Posted on: April 15, 2017 2:59 pm | Last updated: April 15, 2017 at 3:46 pm
വിമാനത്താവളം അധികൃതര്‍ മ്യൂസിയത്തിന് ആംബുലന്‍സ് കൈമാറിയപ്പോള്‍

അബുദാബി: യു എ ഇ വ്യോമയാന മേഖലയുടെ ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആദ്യ ആംബുലന്‍സ് അല്‍ മഹത്ത മ്യൂസിയത്തിന് സ്വന്തമായി. 1985 മോഡല്‍ മെഴ്‌സിഡസ് ആംബുലന്‍സാണ് ചരിത്രം അടയാളപ്പെടുത്തുന്നതിന് മ്യൂസിയത്തിന് നല്‍കിയിട്ടുള്ളത്.

കൈമാറ്റ ചടങ്ങില്‍ ഷാര്‍ജ എയര്‍പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ശൈഖ് ഫൈസല്‍ ബിന്‍ സൗദ് അല്‍ ഖാസിമി, ഷാര്‍ജ മ്യൂസിയം വകുപ്പ് കമ്യൂണിക്കേഷന്‍ ഡവലപ്‌മെന്റ് മാനേജര്‍ സാലിം മുഹമ്മദ് അല്‍ ഖയ്യാല്‍, മാര്‍കറ്റിംഗ് കസ്റ്റമര്‍ റിലേഷന്‍സ് അതോറിറ്റി ഡയറക്ടര്‍ ആലിയ ഉബൈദ് അല്‍ ശംസി, ഷാര്‍ജ വിമാനത്താവളത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ഷാര്‍ജ മ്യൂസിയം വകുപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ മഹത്ത മ്യൂസിയത്തില്‍ ഷാര്‍ജയുടെ ചരിത്രത്തിന്റെ പ്രതിനിധിയായിയാണ് ആംബുലന്‍സ് നല്‍കിയിരിക്കുന്നത്. പുതിയ തലമുറക്ക് ചരിത്രം അറിയാനും പഠിക്കാനും ഏറെ ഉപകരിക്കും. ആംബുലന്‍സ് പുതിയ തലമുറക്ക് ഷാര്‍ജ വ്യോമയാന മേഖലയുടെ ചരിത്രം അറിയുന്നതിനുള്ള അവസരം നല്‍കുന്നു. കൈമാറ്റ ചടങ്ങില്‍ ശൈഖ് ഫൈസല്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് പഠന വിധേയമാക്കുന്നതിന് മ്യൂസിയത്തില്‍ സ്ഥിരം പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഷാര്‍ജ വിമാനത്താവളത്തില്‍ ഉപയോഗിച്ചിരുന്ന ആദ്യ ആംബുലന്‍സ് നല്‍കിയിരിക്കുന്നതെന്നും ഷാര്‍ജയുടെ വ്യോമയാന പ്രക്രിയയുടെ പ്രധാന ഭാഗങ്ങളും മറ്റ് പുരാവസ്തുക്കളും ചരിത്രത്തിലേക്ക് ചേര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ വിമാനത്താവളത്തിന്റെ നീണ്ട ചരിത്രം പ്രതിനിധീകരിക്കുന്ന ഈ വാഹനം സ്വീകരിക്കാന്‍കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്ഷാര്‍ജ മ്യൂസിയം വകുപ്പ് ഡയറക്ടര്‍ ജനറല്‍ മനല്‍ അതായ വ്യക്തമാക്കി.

രാജ്യത്തിന്റെ വ്യോമ മേഖലയുടെ ചരിത്രം പറയുന്ന ഓരോ വസ്തുക്കളും മ്യൂസിയം കാര്യമായ കണക്കാക്കുന്നു വിമാനത്താവളത്തിന്റെ കഥയും ചരിത്രവും പറയുന്നതാണ് ആംബുലന്‍സ്. വ്യോമയാന ലോകത്ത് താത്പര്യമുള്ള സന്ദര്‍ശകര്‍ക്ക് ആംബുലന്‍സ് ആസ്വദിക്കാന്‍ കഴിയും. ആംബുലന്‍സ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞതായും അവര്‍ അറിയിച്ചു. അല്‍ മഹത്ത മ്യൂസിയം ഗള്‍ഫ് മേഖലയിലെ ആദ്യ വിമാനത്താവളങ്ങളിലൊന്നാണ്. 1932 പ്രവര്‍ത്തനം ആരംഭിച്ച വിമാനത്താവളത്തിലേക്ക് ബ്രിട്ടന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും വാണിജ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നു. 2000ലാണ് ഷാര്‍ജ വിമാനത്താവളത്തിനെ മ്യൂസിയമാക്കിയത്.