ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഖത്വര്‍ സംഘം സന്ദര്‍ശിക്കും

Posted on: April 15, 2017 11:45 am | Last updated: April 15, 2017 at 11:25 am

ദോഹ: ഇന്ത്യയില്‍ വിമാന കമ്പനി സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഖത്വര്‍ എയര്‍വേയ്‌സ്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് ഖത്വറില്‍ നിന്നുള്ള പ്രതിനിധി സംഘം എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനത്തെ സംബന്ധിച്ച് മുംബൈ, ബെംഗളൂരു, ഡല്‍ഹി വിമാനത്താവളങ്ങള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിനിധികളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഖത്വര്‍ എയര്‍വേയ്‌സിലെ പ്രതിനിധികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാന വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ആറ് മുതല്‍ എട്ട് വരെ പേരടങ്ങുന്ന സംഘമാണ് എത്തുകയെന്നാണ് വിവരം ലഭിച്ചതെന്ന് വിമാനത്താവള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അടുത്തയാഴ്ച സന്ദര്‍ശനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് മാറ്റാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയില്‍ പുതിയ വിമാനക്കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാകിര്‍ കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന 12ാമത് എഷ്യാ പസഫിക് മേഖലാ അസംബ്ലിക്കിടയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. ചില ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ബോര്‍ഡില്‍ നിന്നും ചെയര്‍മാനില്‍ നിന്നുമുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. കിട്ടിയാലുടന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കും. എല്ലാ നടപടികളും ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ ബാകിര്‍ പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ഖത്വര്‍ എയര്‍വേയ്‌സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയുടെ ആസ്ഥാനം ബെംളൂരു ആയിരിക്കുമെന്ന് മൂന്ന് ദിവസം മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ മലേഷ്യയുടെ എയര്‍ഏഷ്യ, ഇന്ത്യയുടെ ടാറ്റ സണ്‍സ് സംയുക്ത കമ്പനിയായ എയര്‍ഏഷ്യ ഇന്ത്യ മാത്രമാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി, മുംബൈ എന്നിവക്ക് പകരം ബെംഗളൂരു ആസ്ഥാനമാക്കാനാണ് ഖത്വര്‍ എയര്‍വേയ്‌സ് താത്പര്യപ്പെടുന്നതെന്ന് വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ബിസിനസ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് നടത്താനാണ് കമ്പനി ആദ്യഘട്ടത്തില്‍ ശ്രദ്ധയൂന്നുന്നത്. തുടര്‍ന്ന് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കും. ഇന്ത്യയിലേക്ക് ഖത്വര്‍ എയര്‍വേയസ് സര്‍വീസ് നടത്തുന്ന 13 കേന്ദ്രങ്ങളില്‍ ആറും ദക്ഷിണേന്ത്യയിലേക്കാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ഖത്വര്‍ എയര്‍വേയ്‌സ് ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ജപ്പാനെ പിന്തള്ളി യു എസ്, ചൈന എന്നിവക്ക് പിന്നാലെ മൂന്നാം സ്ഥാനത്താണ് ആഭ്യന്തര വിമാന യാത്രാ വിപണിയില്‍ ഇന്ത്യ. ഇന്ത്യയില്‍ വിമാന കമ്പനി ആരംഭിക്കാന്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അവസരമൊരുക്കിയതായി കഴിഞ്ഞ മാസം ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങുന്നതിനു മുമ്പ് 100 വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഖത്വര്‍ എയര്‍വേയ്‌സ്.