Connect with us

Gulf

നിയന്ത്രിത മരുന്നുകള്‍ അനര്‍ഹരിലേക്കെത്താതിരിക്കാന്‍ ഫാര്‍മസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന്‌

Published

|

Last Updated

അബുദാബി: കണ്‍ട്രോള്‍ഡ് മെഡിസിന്‍സ് (നിയന്ത്രിത മരുന്നുകള്‍) അര്‍ഹരായവര്‍ക്കല്ലാതെ ലഭിക്കാതിരിക്കാനാവശ്യമായ ജാഗ്രത ആരോഗ്യസേവന സ്ഥാപനങ്ങളും ഫാര്‍മസികളും പുലര്‍ത്തണമെന്ന് അബുദാബി ഹെല്‍ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിന്ത്രിത മരുന്നുകള്‍ പ്രത്യേകമായി സൂക്ഷിക്കണം, വ്യക്തമായി ബോധ്യപ്പെട്ട കുറിപ്പുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആവശ്യക്കാര്‍ക്ക് അവ നല്‍കാവൂ. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചുള്ള അളവല്ല നല്‍കേണ്ടത്, മറിച്ച് കുറിപ്പില്‍ രേഖപ്പെടുത്തിയ അളവ് മാത്രമേ നല്‍കാവൂ, അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ഇത്തരം മരുന്നുകള്‍ അനര്‍ഹരായവരിലേക്ക് കൈമാറപ്പെടുന്നത് ശ്രദ്ധിക്കണം. സ്ഥിരമായി ഇത്തരം മരുന്നുകള്‍ വാങ്ങിക്കഴിക്കുന്നവരാണെങ്കിലും ഓരോ സമയത്തും ഡോക്ടറുടെ പുതിയ കുറിപ്പ് അടിസ്ഥാനത്തില്‍ മാത്രമേ നല്‍കാവൂ. കുറിപ്പില്ലാതെ മുന്‍പരിചയത്തിന്റെ പേരില്‍ ഒരിക്കലും ഇത്തരം മരുന്നുള്‍ ഒരാള്‍ക്കും നല്‍കരുതെന്നും മുന്നറിയിപ്പ് തുടര്‍ന്നുപറയുന്നു. മരുന്ന് എന്നതിനപ്പുറം ലഹരി എന്ന രീതിയില്‍ ഇവ ദുരുപയോഗത്തിന് സാധ്യതയുള്ളതിനാലാണ് ആരോഗ്യ വിഭാഗം ഇത്തരം മുന്നറിയിപ്പുകള്‍ ഇടക്കിടെ നല്‍കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.
നിയന്ത്രിത മെഡിസിന് കുറിപ്പ് നല്‍കാനുള്ള 50 പേജുള്ള സ്ലിപ് പാഡ് നഷ്ടപ്പെട്ടതായി അബുദാബിയിലെ ഒരു ആരോഗ്യസേവന സ്ഥാപനത്തില്‍നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയതെന്ന് ആരോഗ്യ വിഭാഗം വെളിപ്പെട്ടുത്തി. 2502801 മുതല്‍ 2502850 വരെ സീരിയല്‍ നമ്പറുകളുള്ള ബുക്കാണ് നഷ്ടപ്പെട്ടത്. ഫാര്‍മസികളും മറ്റും ഇത് ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇവയിലേതെങ്കിലും നമ്പറുള്ള കുറിപ്പുമായി വരുന്നവരെ കുറിച്ച് വിവരം നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മുന്‍പരിചയത്തിന്റെ പേരില്‍ കുറിപ്പില്ലാതെ നിയന്ത്രിതമരുന്നുകള്‍ നല്‍കി പിടിക്കപ്പെട്ടതിന്റെ പേരില്‍ മലയാളികളുള്‍പെടെ നിരവധി പേരാണ് യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ ജയിലുകളില്‍ കഴിയുന്നത്. 25 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യമാണ് ഇതെന്ന് രാജ്യത്തിന്റെ നിയമം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം നിയമവിരുദ്ധ പ്രവണത നടക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പെടെയുള്ള നടപടികള്‍ വേറെയും നേരിടേണ്ടിവരും.

 

Latest