Connect with us

National

പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തമിഴ്കര്‍ഷകര്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ തുണിയുരിഞ്ഞ് തമിഴ് കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം നടത്തുന്ന കര്‍ഷകരാണ് പ്രതിഷേധ സൂചകമായി തുണിയുരിഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്. ദിവസങ്ങളായി സമരം ചെയ്തിട്ടും തങ്ങളെ അവഗണിക്കുന്ന കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നഗ്നരായി പ്രധാനമന്ത്രിയുടെ ഓഫീസിലെ നോര്‍ത്ത് ബ്ലോക്കിന് മുന്നിലൂടെ ഓടിയത്. പ്രധാനമന്ത്രിയെ കണ്ട് അപേക്ഷ സമര്‍പ്പിക്കാന്‍ തമിഴ് കര്‍ഷകരുടെ ഏഴംഗ പ്രതിനിധി സംഘം ശ്രമിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. ഇതില്‍കൂടി പ്രതിഷേധിച്ചാണ് ദിവസങ്ങളായി ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ പുതിയ തലത്തിലേക്ക് സമരമെത്തിച്ചത്.

പ്രധാനമന്ത്രിയെ കാണാനാകില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കിയതോടെ കര്‍ഷകരിലൊരാള്‍ വാഹനത്തില്‍ നിന്ന് ചാടി നഗ് നനായി ഓടി. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞ് മറ്റു കര്‍ഷകരും തുണിയുരിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

വരള്‍ച്ചാ ദുരിത ഫണ്ടായി 40,000 കോടി രൂപ പ്രഖ്യാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പലവിധത്തില്‍ പ്രതിഷേധിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. കര്‍ഷകര്‍ക്കായി സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് ദുരിതം ഇല്ലാതാക്കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമായി കര്‍ഷകര്‍ നേരത്തെ സമരം ചെയ്തിരുന്നു.

 

Latest