മാഞ്ചസ്റ്ററില്‍ തുടരുമെന്ന സൂചന നല്‍കി ഇബ്രാഹിമോവിച്‌

Posted on: March 30, 2017 10:58 pm | Last updated: March 30, 2017 at 8:01 pm

ലണ്ടന്‍: സ്വീഡന്റെ വെറ്ററന്‍ സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് അടുത്ത സീസണിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുമോ ? ക്ലബ്ബ് ആരാധകര്‍ ഇബ്രാ തുടരണമെന്നാവശ്യവുമായി രംഗത്തുണ്ട്. അതേ സമയം സ്വീഡിഷ് സ്‌ട്രൈക്കറെ നിലനിര്‍ത്താന്‍ കോച്ച് ഹൊസെ മൗറിഞ്ഞോ അമിത താത്പര്യം എടുക്കുന്നില്ല. ടീമില്‍ തുടരണമോ എന്നത് സംബന്ധിച്ച് ഇബ്രാഹിമോവിചിന് തീരുമാനമെടുക്കാമെന്നതാണ് കോച്ചിന്റെ നിലപാട്. എന്നാല്‍, കഴിഞ്ഞ ദിവസം സ്വീഡിഷ് സ്‌ട്രൈക്കര്‍ മാധ്യമങ്ങളോട് പറഞ്ഞത് തന്റെ ദൗത്യം അവസാനിച്ചിട്ടില്ലെന്നാണ്.

മാഞ്ചസ്റ്ററില്‍ തുടരുമെന്നതിന്റെ സൂചനയായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തിയത്. എന്നാല്‍, മാഞ്ചസ്റ്റര്‍ വിടാന്‍ തന്നെയാണ് സ്വീഡിഷ് താരത്തിന് ആഗ്രഹമെന്ന് കോച്ച് മൗറിഞ്ഞോ ആവര്‍ത്തിച്ചു.