International
പട്ടിണി: കെനിയയില്‍ 30 ലക്ഷത്തോളം പേര്‍ ദുരിതത്തിലെന്ന് റെഡ് ക്രോസ്

നൊറോബി: കെനിയയില്‍ 30 ലക്ഷത്തോളം പേര്‍ ഭക്ഷ്യ ദൗര്‍ലഭ്യത്താല്‍ വലയുകയാണെന്ന് റെഡ് ക്രോസ്. ദരിദ്ര രാജ്യങ്ങളായി പ്രഖ്യാപിച്ച എത്യോപ്യ, ദക്ഷിണ സുഡാന്‍ തുടങ്ങിയ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ ഭക്ഷ്യക്ഷാമത്താല്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു രാജ്യമാണ് കെനിയ. ഈ മേഖലക്ക് പുറത്ത് യമന്‍, നൈജീരിയ എന്നീ രാജ്യങ്ങളും ദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം കനത്ത മാനുഷിക പ്രശ്‌നങ്ങള്‍ അനുഭവിക്കുകയാണിവിടെയെന്ന് യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അയല്‍ രാജ്യങ്ങളിലെന്നപോലെ കെനിയയില്‍ മഴ കുറഞ്ഞത് കാര്‍ഷികോത്പാദനത്തെ ഗണ്യമായി ബാധിച്ചു. കാര്‍ഷികോത്പാദനം കുറഞ്ഞതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വലിയ വര്‍ധനയുമുണ്ടായി. ഇത് പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഒമ്പത് ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. കെനിയയില്‍ സ്ഥിതിഗതികള്‍ നാള്‍ക്ക് നാള്‍ ആശങ്കാജനകമായിത്തീരുകയാണ്. പോഷകാഹാരങ്ങള്‍ ലഭിക്കാതെ കുട്ടികള്‍ അസുഖങ്ങളുടെ പിടിയിലമരുകയാണ്. ആയിരക്കണക്കിന് കന്നുകാലികള്‍ ചത്തതോടെ ജനങ്ങളുടെ ഉപജീവന മാര്‍ഗം തടസ്സപ്പെട്ടിരിക്കുകയാണെന്നും കെനിയന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ സെക്രട്ടി ജനറല്‍ ഡോ. അബ്ബാസ് ഗുല്ലറ്റ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തേയും അഭിമുഖീകരിക്കുകയാണ്. അടുത്ത ആഴ്ചയോടെ രാജ്യത്ത് പട്ടിണിനേരിടുന്നവരുടെ എണ്ണം 4 0 ലക്ഷം കവിയുമെന്നും റെഡ്‌ക്രോസിന്റെ പ്രസ്താവനയിലുണ്ട്.