ദുരന്ത മുഖത്ത് രക്ഷകനായി മന്ത്രി

Posted on: March 24, 2017 7:25 am | Last updated: March 23, 2017 at 11:26 pm
രക്ഷാപ്രവര്‍ത്തനത്തിനിടെ മന്ത്രി എല്‍വുഡ്

ലണ്ടന്‍: ആക്രമണ ഭീതി നിലനില്‍ക്കുമ്പോഴും കുത്തേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ടോബിയാസ് എല്‍വുഡ് ശ്രദ്ധേയനായി. ആക്രമണത്തെ തുടര്‍ന്ന് മുഴുവന്‍ എം പിമാരോടും പാര്‍ലിമെന്റില്‍ ഇരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിനായി എല്‍വുഡ് മുന്നിട്ടിറങ്ങിയത്. മുന്‍ സൈനിക ഉദ്യോഗസ്ഥനായ എല്‍വുഡ് സുരക്ഷാ ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സ നല്‍കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മുഖത്തും കൈകളിലും രക്തക്കറയായ മന്ത്രിയുടെ ചിത്രം ഏറെ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. സാമൂഹിക മാധ്യമങ്ങളിലും മന്ത്രി താരമായി.

2002ലെ ബാലിയിലെ നിശാക്ലബ്ബിലുണ്ടായ ബോംബാക്രമണത്തില്‍ മന്ത്രിക്ക് സ്വന്തം സഹോദരനെ നഷ്ടപ്പെട്ടിരുന്നു. അധ്യാപകനായ ജോണ്‍ കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. നൊമ്പരപ്പെടുത്തുന്ന ഈ ഓര്‍മയാകാം എല്‍വുഡിനെ ഇത്തരമൊരു സാഹസികതക്ക് സന്നദ്ധനാക്കിയത്. എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനാകാത്തതില്‍ മന്ത്രിക്ക് നിരാശയുണ്ട്.