Connect with us

National

സാക്കിര്‍ നായിക്കിന് വീണ്ടും എന്‍ ഐ എയുടെ സമന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി: സലഫീധാരയിലുള്ള വിവാദ മതപ്രചാരകന്‍ സാക്കിര്‍ നായിക്കിന് വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) സമന്‍സ്. ഭീകരവിരുദ്ധ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ മാസം 30ന് ഹാജരാകണമെന്നാണ് എന്‍ ഐ എ അയച്ച രണ്ടാമത്തെ സമന്‍സിലുള്ളത്. 14ന് ഹാജരാകണമെന്ന് കാണിച്ച് ഈ മാസം തുടക്കത്തില്‍ എന്‍ ഐ എ സമന്‍സയച്ചിരുന്നു. ന്യൂഡല്‍ഹിയിലെ എന്‍ ഐ എ ആസ്ഥാനത്ത് എത്തണമെന്നാണ് സമന്‍സ്.

കഴിഞ്ഞ വര്‍ഷം ധാക്കയിലെ കഫേയില്‍ നടന്ന ആക്രമണത്തില്‍ അറസ്റ്റിലായവര്‍ക്ക് സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായെന്ന് ആരോപണമുയര്‍ന്നതോടെയാണ് എന്‍ ഐ എ അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ഒഴിവാക്കാന്‍ സാകിര്‍ നായിക്ക് സഊദിയിലേക്ക് മുങ്ങിയെന്നാണ് എന്‍ ഐ എ വൃത്തങ്ങള്‍ പറയുന്നത്. നായിക്കിന്റെ മുംബൈയിലെ വീട്ടിലേക്കാണ് ഇപ്പോള്‍ സമന്‍സ് അയച്ചിട്ടുള്ളത്.
കഴിഞ്ഞ നവംബറില്‍ സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ സഹായികള്‍ക്കുമെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. മതപരമായ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും പ്രചാരണം നടത്തുകയും ചെയ്തുവെന്ന കുറ്റമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുള്ളത്. മുസ്‌ലിം യുവാക്കളെ തീവ്രവാദ പ്രവണതകളിലേക്ക് ആകര്‍ഷിച്ചുവെന്നാരോപിച്ച് യു എ പി എയിലെ ചില വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ദക്ഷിണ മുംബൈയിലെ ദോംഗ്രി ആസ്ഥാനമായി സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ യു എ പി എ പ്രകാരം കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ സംഘടന ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു. ഈ സംഘടന നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന് കേന്ദ്ര സര്‍ക്കാര്‍ തെളിവ് ഹാജരാക്കിയിട്ടുണ്ടെന്നും നിരോധനം രാജ്യതാത്പര്യത്തിനാണെന്നുമായിരുന്നു ഹൈക്കോടതി ബഞ്ച് നിരീക്ഷിച്ചത്. ഐ ആര്‍ എഫിനെ കൂടാതെ ഐ ആര്‍ എഫ് എജ്യുക്കേഷന്‍ ട്രസ്റ്റ്, ഇസ്‌ലാമിക് ഡയമന്‍ഷന്‍ ട്രസ്റ്റ് എന്നിവയുടെ സ്ഥാപക ട്രസ്റ്റിയാണ് സാക്കിര്‍ നായിക്ക്.