കാറ്റും മഴയും മരുഭൂ സഫാരിക്കാരെ ബാധിച്ചു

Posted on: March 8, 2017 8:30 pm | Last updated: March 8, 2017 at 8:17 pm

ദോഹ: ഇടക്കിടെയുള്ള മഴയും ശക്തമായ കാറ്റും മരുഭൂമി സവാരിയെ ബാധിച്ചു. ഉംസഈദ് പ്രദേശത്തെ ബീച്ചിന് അഭിമുഖമായുള്ള മരുഭൂമിയിലാണ് സാധാരണ ഇക്കാലയളവില്‍ സഫാരി നടത്താറുള്ളത്. ശൈത്യകാലത്ത് നിരവധി പേരാണ് മണല്‍ക്കുന്നില്‍ വിവിധ കായിക വിനോദ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ ഇവിടെയെത്താറുള്ളത്.

ശക്തമായ തണുപ്പ് കാരണം വിനോദസഞ്ചാരികളുടെയും സന്ദര്‍ശകരുടെയും വരവ് കുറഞ്ഞിട്ടുണ്ട്. ചെളി നിറഞ്ഞ റോഡുകളായതിനാല്‍ വിനോദത്തിനും മരുഭൂമി സഫാരിക്കും ഈ പ്രദേശം സുരക്ഷിതമല്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കാറുള്ളതെന്ന് ഡിസര്‍ട്ട് ബൈക്കുകള്‍ വാടകക്ക് നല്‍കുന്ന ഷോപ്പിലെ ജീവനക്കാരനായ മുഹമ്മദ് ഇബ്‌റാഹീം പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ വരുമാനം 50 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഫെബ്രുവരിയില്‍ മൂന്ന് വാരാന്ത്യങ്ങള്‍ നഷ്ടപ്പെട്ടു. വ്യവസായ കമ്പനികള്‍ക്ക് പുറമെ, നിരവധി കുടുംബങ്ങള്‍ ശൈത്യകാല താമസത്തിന് പ്ലോട്ടുകള്‍ വാടകക്ക് എടുക്കാറുണ്ട്. ഇപ്രാവശ്യം 200 ചതുരശ്ര മീറ്റര്‍ വാടകക്കെടുത്ത ഖത്വരി യുവാവ് പറയുന്നത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ടെന്റില്‍ താമസിച്ചത് കുറവാണെന്നാണ്. സാധാരണ ഡിസംബര്‍ പകുതി മുതല്‍ കൂടാരം കെട്ടി അതിഥികളെ സ്വീകരിക്കാറുണ്ട്. അനുകൂല കാലാവസ്ഥയായതിനാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നിരവധി ദിവസങ്ങള്‍ കൂടാരത്തില്‍ കഴിയാറുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ മഴയും ശക്തമായ കാറ്റും പദ്ധതികളെ തകിടം മറിച്ചെന്നും ഇദ്ദേഹം പറയുന്നു.

സാഹസിക മരുഭൂ സഫാരി സംഘടിപ്പിക്കുന്ന ചില ടൂര്‍ ഓപറേറ്റര്‍മാരും ഇപ്രാവശ്യം ട്രിപ്പ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പ്രതിവാരം ശരാശരി 25 ട്രിപ്പുകള്‍ ലഭിച്ചിരുന്നു. ഇപ്രാവശ്യമത് പത്തായി ചുരുങ്ങി. ഫെബ്രുവരിയിലെ ആദ്യ രണ്ട് ആഴ്ചകളില്‍ അത് വീണ്ടും കുറഞ്ഞു. കാലാവസ്ഥയെ അവഗണിച്ച് ഉംസഈദ് പ്രദേശത്ത് എത്തുന്ന ചുരുക്കം ചിലര്‍ തന്നെ തണുപ്പ് കാരണം പുറത്തിറങ്ങിയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നില്ല. വാഹനങ്ങള്‍ക്കുള്ളില്‍ തന്നെ സമയം ചെലവഴിച്ച് മടങ്ങുന്നവരാണ് കൂടുതല്‍. ഇവിടെ ഈ മാസം അഞ്ച് ഡിഗ്രി വരെ താപനില താഴ്ന്നിരുന്നു.