Connect with us

Gulf

കളിപ്പാട്ടങ്ങളിലൂടെ പ്രലോഭിപ്പിച്ചുള്ള ഭക്ഷണ വില്‍പ്പനക്കെതിരെ രക്ഷിതാക്കള്‍

Published

|

Last Updated

ദോഹ: കളിപ്പാട്ടങ്ങള്‍ കാണിച്ച് പ്രലോഭിപ്പിച്ച് കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ രക്ഷിതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍. ആരോഗ്യ മന്ത്രാലയം നിരുത്സാഹപ്പെടുത്തിയതാണെങ്കിലും പല റസ്റ്റോറന്റുകളും ഭക്ഷണശാലകളും കുട്ടികളുടെ ഭക്ഷ്യോത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നുണ്ട്. ഭക്ഷ്യസ്ഥാപനങ്ങളുടെ ഇത്തരം നടപടികള്‍ ആശങ്കയുളവാക്കുന്നതാണെന്ന് രക്ഷിതാക്കളെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

കളിപ്പാട്ടങ്ങളും മറ്റു സമ്മാനങ്ങളും നല്‍കുന്നതോടെ അത്തരം ഭക്ഷ്യവസ്തുക്കളോട് കുട്ടികള്‍ക്ക് താത്പര്യമുണ്ടാകും. ഇത്തരം സമ്മാനങ്ങള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കുമൊപ്പം കുട്ടികളുടെ ഭക്ഷ്യശീലത്തിലെ മുന്‍ഗണനകള്‍ മാറുന്നതായി രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പ്രോത്സാഹനത്തിന് കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ നിയമം മൂലം പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്.
നിരവധി ഫാസ്റ്റ് ഫുഡ് ഭക്ഷണശാലകളിലാണ് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ഭക്ഷണത്തിനൊപ്പം സൗജന്യമായി കളിപ്പാട്ടം നല്‍കുന്നത്. അനാരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം സമ്മാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തണമെന്നും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ആവശ്യം ശക്തമാകുന്നുണ്ട്.

പല സ്ഥാപനങ്ങളും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ് ഭക്ഷണത്തിനൊപ്പം സൗജന്യമായി നല്‍കുന്നത്. ഇത് കുട്ടികളെ ആ ഭക്ഷ്യവസ്തുവിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നു. കുട്ടികളുടെ ആഹാരം ഏതായിരിക്കണമെന്ന് ഇത്തരം പരസ്യതന്ത്രങ്ങളിലൂടെ വില്‍പ്പനക്കാര്‍ തീരുമാനിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കുള്ള ഭക്ഷണത്തിനൊപ്പം സൗജന്യമായി കളിപ്പാട്ടങ്ങളും മറ്റും നല്‍കുന്നതായി വിപുലമായ പരസ്യതന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ട്. ഇത്തരം പരസ്യങ്ങളില്‍ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നതായി രക്ഷിതാക്കള്‍ പറയുന്നു.

അനാരോഗ്യകരവും പോഷകം കുറഞ്ഞതുമായ ഭക്ഷണം നല്‍കുന്നതിലൂടെ കുട്ടികളുടെ ആരോഗ്യം ദീര്‍ഘകാലത്തേക്ക് അപകടത്തിലാക്കുകയും ചെയ്യുന്നുണ്ട്. അനാരോഗ്യകരമായ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപണന തന്ത്രങ്ങള്‍ തടയണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. സര്‍ക്കാര്‍ നടപടി ശക്തമാക്കുകയും നിയമനിര്‍മാണം കാര്യക്ഷമമാകുകയും ചെയ്യുന്നതോടെ ഇത്തരം പ്രവണതകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഫാസ്റ്റ് ഫുഡ് ഭക്ഷ്യശാലകളിലുള്‍പ്പടെ കുട്ടികളുടെ ഭക്ഷ്യോത്പന്നങ്ങള്‍ക്കൊപ്പം കളിപ്പാട്ടങ്ങള്‍ നല്‍കുന്നത് തടയാനായി മന്ത്രിസഭയുടെ അനുമതി നേടാന്‍ ആരോഗ്യമന്ത്രാലയം നടപടികളെടുക്കുന്നുണ്ട്. മന്ത്രാലയത്തിലെ ആരോഗ്യ പ്രമോഷന്‍ സാംക്രമികേതര രോഗ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ അല്‍ അനൗദ് ബിന്‍ത് മുഹമ്മദ് അല്‍ താനി അല്‍ ശര്‍ഖിനോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോഷകാഹാരം കുറഞ്ഞ ഭക്ഷ്യോത്പന്നങ്ങളുടെ പ്രചാരണത്തിന് കളിപ്പാട്ടങ്ങളും മറ്റും ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പല ഭക്ഷണശാലകളിലും കുട്ടികള്‍ക്കുള്ള ആഹാരവസ്തുക്കളില്‍ പോഷക മൂല്യ മാനദണ്ഡങ്ങള്‍ കാര്യമായി പാലിക്കപ്പെടുന്നില്ലെന്ന വിമര്‍ശനവുമുണ്ട്.

 

---- facebook comment plugin here -----

Latest