വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയില്‍

Posted on: March 1, 2017 7:17 pm | Last updated: March 2, 2017 at 12:58 pm

കൊച്ചി: ഒത്തുകളി വിവാദത്തെതുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഡല്‍ഹി പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ബിസിസിഐ തനിക്കു വിലക്കേര്‍പ്പെടുത്തിയതെന്നും കേസില്‍ പിന്നീട് കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നീക്കാന്‍ ഇടപെടണമെന്നാണ് ശ്രീയുടെ ആവശ്യം.

സ്‌കോട്ട്‌ലന്‍ഡിലെ പ്രീമിയര്‍ ലീഗ് കളിക്കാന്‍ അനുമതി നല്‍കണമെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബിസിസിഐ അനുമതി കിട്ടിയാല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലെന്േ!റാര്‍ത്സ് ക്രിക്കറ്റ് ക്ലബില്‍ ചേരാനാണ് ശ്രീശാന്ത് തയാറെടുക്കുന്നത്. നേരത്തെ, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനുള്ള ശ്രീശാന്തിന്റെ ശ്രമങ്ങളെ പിന്തുണച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യു രംഗത്തെത്തിയിരുന്നു.