Connect with us

Gulf

എച്ച് എം സിയിലെ ആധുനീകവത്കരണത്തില്‍ വിപ്ലവമായി ഹൈബ്രിഡ് എം ആര്‍ ഐ റൂം

Published

|

Last Updated

ഹമദിലെ ഹൈബ്രിഡ് എം ആര്‍ ഐ ഓപറേഷന്‍ റൂം

ദോഹ: ചികിത്സാ രംഗത്തെ ആധുനീകവത്കരണത്തിന്റെ ഭാഗമായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ഹൈബ്രിഡ് എം ആര്‍ ഐ ഓപറേഷന്‍ റൂം ഉപയോഗിച്ചു തുടങ്ങിയതായി എച്ച് എം സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എച്ച് എം സിയുടെ വികസനത്തില്‍ വിപ്ലവകരമായ ചുവടുവെപ്പാണിത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഹൈബ്രിഡ് എം ആര്‍ ഐ ഓപറേഷന്‍ റൂം രോഗികളുടെ ശസ്ത്രക്രിയക്കായി ഉപയോഗിച്ചു തുടങ്ങിയത്.
ഈ വര്‍ഷം ആദ്യത്തില്‍ പതിനായരം ചതുരശ്ര അടി വലുപ്പമുള്ള ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് ഹമദ് ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. 20 ആധുനിക തിയറ്ററുകളാണ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമേയാണ് ഹൈബ്രിഡ് എം ആര്‍ ഐ ഓപറേറ്റിംഗ് റൂം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഹൈബ്രിഡ് റൂം എം ആര്‍ ഐ സ്‌കാനര്‍, സി ടി സ്‌കാനര്‍, ആന്‍ജിയോഗ്രാം എന്നിവക്കു സമാനമായ അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിംഗ് ഡിവൈസുകള്‍ ഉപയോഗിക്കുന്ന ഒരു ഓപറേഷന്‍ തിയറ്ററാണ്. മൂന്നു ഹൈബ്രിഡ് ഓപറേറ്റിംഗ് റൂമാണ് കോംപ്ലകില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. സര്‍ജന്‍മാര്‍ക്ക് കൂടുതല്‍ വ്യക്തതയോടെയും കാര്യക്ഷമമായും ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്. ന്യൂറോ സര്‍ജറികള്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക.
പുതിയ ബ്രൈന്‍ ലാബ് സാങ്കേതികവിദ്യ കൂടുതല്‍ സൂക്ഷ്മതയുള്ള ശസ്ത്രക്രിയക്ക് സഹായിക്കുന്നു. ക്ലേശകരമായ ശസ്ത്രക്രിയകള്‍ക്കാണ് ഈ ആധുനികവത്കരണം കൂടുതല്‍ സഹായിക്കുകയെന്ന് എച്ച് എം സി ന്യൂറോ സര്‍ജറി മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജനുമായ ഡോ. ഗാനിം അല്‍ സുലൈത്വി പറഞ്ഞു.

ഇമേജിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ ഈ രംഗത്തെ മികച്ച പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ സമയത്ത് യഥാര്‍ഥ ചിത്രങ്ങള്‍ നല്‍കുന്നതിന് പുതിയ സാങ്കേതികവിദ്യക്കു സാധിക്കുന്നു. ഹൈബ്രിഡ് എം ആര്‍ ഐ ഓപറേറേറ്റിംഗ് റൂമിന്റെ ഉപയോഗം ഹമദ് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിലെ പ്രധാന നാഴികക്കാല്ലാണെന്നും അദ്ദേഹം പറഞ്ഞു.

Latest