സ്‌നേഹ ബഹുമാനങ്ങളുടെ മേളനം

Posted on: December 24, 2016 6:13 pm | Last updated: December 24, 2016 at 6:13 pm

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശിച്ചത് മലയാളികളിലുണ്ടാക്കിയ ആവേശവും പ്രതീക്ഷയും ചെറുതല്ല. സമീപ കാലത്തൊന്നും ഇത്തരമൊരു സ്വീകരണം ആര്‍ക്കും ലഭിച്ചിട്ടില്ല. യോഗങ്ങള്‍ സഫലമായിട്ടില്ല. എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. ചില സ്ഥലങ്ങളില്‍, മുഖ്യമന്ത്രി പദത്തിന്റെ ആടയാഭരണങ്ങള്‍ ഊരിവെച്ച്, നാടന്‍ മനുഷ്യനായി. ഔദ്യോഗിക പരിവേഷമുള്ള ചടങ്ങുകളില്‍ പദവിക്കു ചേര്‍ന്ന മട്ടില്‍ പെരുമാറി. ”അവതാരങ്ങളെ” അകറ്റി നിര്‍ത്തുന്നതിലും ഏറെക്കുറെ വിജയിച്ചു.
ദുബൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം ഇറങ്ങിയത് തൊട്ട് മൂന്ന് ദിവസത്തിനു ശേഷം വിടപറയുന്നത് വരെ സൗമ്യത കൈവിട്ടില്ല. ഗൗരവക്കാരനെന്നും ക്ഷിപ്രകോപിയെന്നും അടിച്ചേല്‍പിക്കപ്പെട്ട പ്രതിച്ഛായയുടെ തടവറയില്‍ ഒരിക്കലും പെട്ടുപോയില്ലയെന്നിടത്തുതന്നെ സന്ദര്‍ശനം വലിയ വിജയം കണ്ടു. വാര്‍ത്താസമ്മേളനത്തില്‍ പൊള്ളുന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും പുഞ്ചിരിയോടെ നേരിട്ടു.
ഭാര്യ കമല, മകള്‍ വീണ, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രിയെത്തിയത്. ഒരേ സമയം മികച്ച രാഷ്ട്രീയക്കാരനും കുടുംബനാഥനും ഭരണാധികാരിയും ആകാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും ദുബൈ സന്ദര്‍ശനത്തിലേത് സമ്മോഹനമായ കാഴ്ചയായിരുന്നു. തന്റെ ചുറ്റുമുള്ള നന്മകളെ തിരിച്ചറിയാനും കരുതല്‍ നല്‍കാനും പിണറായി വിജയന്‍ ശ്രമിക്കുന്നുണ്ട് എന്നത് ഊട്ടിയുറപ്പിക്കപ്പെട്ട ദിവസങ്ങളായിരുന്നു യു എ ഇ സന്ദര്‍ശനത്തിലേത്.
പലയിടത്തും സ്വീകരിക്കാന്‍ എത്തിയവരില്‍ ഒരാള്‍ കൈരളി ചാനല്‍ ഡയറക്ടര്‍ വി കെ അഷ്‌റഫാണ്. അബുദാബിയില്‍ ദീര്‍ഘകാലമായി ചെറിയ ബിസിനസുള്ള അഷ്‌റഫ് ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. അതേസമയം, കൈരളി ചാനലിന്റെ തുടക്കം മുതല്‍ പിണറായി വിജയന്റെ കൂടെ നില്‍ക്കുന്ന ആളാണ്. രാഷ്ട്രീയമായ തിരിച്ചടികളിലും ഉയര്‍ച്ചയിലും എന്നും കൂടെയുണ്ട്. അങ്ങനെയുള്ള വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എപ്പോഴും സഹചാരിയായത്. അവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, കൂടെ നില്‍ക്കുന്നത്. ഇഷ്ട നേതാവിനോടുള്ള ആദരം. എം എ യൂസുഫലി, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ വേണ്ടപ്പോള്‍ ഉപദേശം നല്‍കി. വേണമെങ്കില്‍, വിമാനത്താവളംതൊട്ട് നൂറുകണക്കിന് ആളുകളെ അണിനിരത്തി ഒരു റോഡ് ഷോ ആകാമായിരുന്നു. പക്ഷ, പ്രകടനപരതക്കപ്പുറം യാഥാര്‍ഥ്യ ബോധത്തോടെയുള്ള സമീപനം വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നിരിക്കണം.
അല്‍ ഖൂസില്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത് ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു. അധ്വാന വര്‍ഗത്തിന്റെ അവസ്ഥ നേരിട്ട് മനസിലാക്കാന്‍ ഉപകരിക്കുമെന്ന് കണ്ടാണ് അവിടെ പോയത്. മുമ്പ്, ഉമ്മന്‍ചാണ്ടിയും മറ്റു ചില മന്ത്രിമാരും തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചത് മറക്കുന്നില്ല. എന്നിരുന്നാലും തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ട്ടിയുടെ നേതാവ് മുഖ്യമന്ത്രിയായപ്പോള്‍ അവിടെ എത്തുന്നതില്‍ വൈവിധ്യതയുണ്ട്. തൊഴിലാളികളുടെ വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. ”ഗള്‍ഫില്‍ അധ്വാനിക്കുന്ന നിങ്ങളാണ് കേരളത്തിന്റെ സമൃദ്ധിക്ക് കാരണക്കാര്‍, കേരളത്തിലെ ഭരണകൂടത്തിന്റെ നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ കാര്യത്തില്‍ സംസ്ഥാന ഭരണകൂടത്തിന് കരുതലുണ്ടാകും, അദ്ദേഹം തൊഴിലാളികളോട് പറഞ്ഞു. വലിയ കൈയടിയോടെയാണ് മുഖ്യമന്ത്രിയുടെ ഓരോ വാക്കുകളെയും തൊഴിലാളികള്‍ സ്വീകരിച്ചത്. ഇതിന്റെ മറ്റൊരു പതിപ്പാണ് പിറ്റേ ദിവസം എമിറേറ്റ്‌സ് ടവറില്‍ സ്മാര്‍ട്‌സിറ്റി ബിസിനസ് മീറ്റില്‍ കാണാന്‍ കഴിഞ്ഞത്. എം എ യൂസുഫലി, സണ്ണി വര്‍ക്കി, ശംലാല്‍ അഹ്മദ്, സുധീര്‍ കുമാര്‍ ഷെട്ടി തുടങ്ങി നിരവധി സംരംഭകര്‍ നിറഞ്ഞ സദസിനെയാണ് മുഖ്യമന്ത്രി അഭിമുഖീകരിച്ചത്.
കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം സമഗ്രമായി അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ഐ ടി, ടൂറിസം, കൃഷി എന്നീ മേഖലകളില്‍ കേരളം കുതിച്ചുചാട്ടത്തിനൊരുങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് ബോധ്യമായി. പക്ഷേ, അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപം വേണം. ഗള്‍ഫിലുള്ള ഓരോ മലയാളിക്കും ഇതില്‍ പങ്കുവഹിക്കാനാകും. ചെറിയ സമ്പാദ്യമുള്ളവരുടെ നിക്ഷേം പോലും സുഭദ്രമാക്കാന്‍ പ്രവാസി നിക്ഷേപ സഹായി സെല്‍ രൂപവത്കരിക്കും. നിക്ഷേപങ്ങള്‍ക്ക് വര്‍ധിച്ച വരുമാനം ലഭിക്കുന്നതിന് സംസ്ഥാന ഭരണകൂടം തന്നെ ഗ്യാരണ്ടി നല്‍കും. കേരള ഇന്‍ഫ്രാസ്ട്രക്ടചര്‍ ഫണ്ട് ബോര്‍ഡ് (കിഫ്ബി) അഞ്ചു വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയാണ് സമാഹരിക്കുക.
മുഖ്യമന്ത്രി അല്ലാതിരുന്നപ്പോഴും പിണറായി വിജയന്റെ വാക്കുകള്‍ ഗള്‍ഫ് മലയാളികള്‍ മുഖവിലക്കെടുത്തിട്ടുണ്ട്. കൈരളി ചാനല്‍ തുടങ്ങാന്‍ ഓഹരി സമാഹരിക്കുന്നതിന് അടക്കം പല കാര്യങ്ങള്‍ക്കും പിണറായി വിജയന്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പണം പാഴായിപ്പോകില്ലെന്ന് നിക്ഷേപകര്‍ക്ക് ഉറപ്പ് വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, കിഫ്ബിയില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് മലയാളികള്‍ യാതൊരു മടിയും കാണിക്കില്ലെന്നാണ് കരുതുന്നത്.
ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് ഏറെ സന്തോഷം പകര്‍ന്നുവെന്ന് പിന്നീട്, എക്‌സ്‌പോ സെന്ററിലെ പൊതുയോഗത്തിലെ വാക്കുകളില്‍ നിന്ന് ഏവര്‍ക്കും ബോധ്യമായി.
ഒരു സഹോദരനെ പോലെ, തന്നെ ഷാര്‍ജ ഭരണാധികാരി സ്വീകരിച്ചത് ആശ്ചര്യപ്പെടുത്തിയെന്നും ആ എളിമയെ മാനിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പക്ഷേ, തനിക്ക് കിട്ടിയ ആദരവ്, ഇവിടത്തെ മലയാളികള്‍ കൊണ്ട വെയിലാണെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയും എളിമയുടെ ഔന്നത്യത്തിലെത്തുകയാണ്.
ഗള്‍ഫ് മലയാളികള്‍ രാഷ്ട്രീയഭേദം മറന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ആതിഥ്യമര്യാദയില്‍ പേരുകേട്ട ഗള്‍ഫ് മലയാളികളും സാധാരണക്കാരന്റെ മനസറിയുന്ന മുഖ്യമന്ത്രിയും പരസ്പരം ആശ്ലേഷിച്ച അനവദ്യ സുന്ദര ദിനങ്ങളാണ് കടന്നുപോയത്.