യൂനിയന്‍ ബേങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം തട്ടിയ അപ്രൈസര്‍ അറസ്റ്റില്‍

Posted on: December 24, 2016 9:37 am | Last updated: December 24, 2016 at 9:37 am

കാഞ്ഞങ്ങാട്: യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയായ അപ്രൈസറെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാബു(35)വിനെയാണ് ഹൊസ്ദുര്‍ഗ് സി ഐ. സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് കൂട്ടുനിന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഒളിവില്‍ പോയ ഷാബുവിനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
ഭീമനടിയിലെ അഭിലാഷ്, കൂളിയങ്കാലിലെ അശോകന്‍, ആറങ്ങാടിയിലെ പ്രകാശന്‍, മേലാങ്കോട്ടെ സുകുമാരന്‍, അരയിസ്വദേശി ഭാസ്‌കരന്‍, ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അസ്‌ക്കര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. അപ്രൈസര്‍ ഷാബുവിന് തട്ടിപ്പ് നടത്താന്‍ മുക്കുപണ്ടം പണയം വെക്കുന്നതിന് സഹായിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
2014 മെയ് എട്ട് മുതല്‍ 2016 ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ബേങ്കില്‍ തട്ടിപ്പ് നടന്നത്. ബേങ്കിലെത്തുന്ന മറ്റ് ഇടപാടുകാരുടെ പേരിലാണ്.വ്യാജ സ്വര്‍ണം പണയം വെച്ചത്. ഇത്തരത്തില്‍ മുപ്പതോളം പരാതികളാണ് ഹൊസ്ദുര്‍ഗ് പോലീസിന് ലഭിച്ചത്. ഇത്‌സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളരെ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇടപാടുകാരെ കൊണ്ട് മുക്കുപം പണയം വെപ്പിച്ചത്. പതിനൊന്നോളം പേര്‍ ഷാബുവിന്റെ തട്ടിപ്പിലകപ്പെട്ടിരുന്നു. കേസില്‍ പ്രതികളായവര്‍ ഷാബു നടത്തുന്നത് തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ടുകൂടിയാണ് പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു. ജോലി ചെയ്യുന്ന ബേങ്കായതിനാല്‍ സ്വര്‍ണം വെക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടങ്ങള്‍ ഉടപാടുകാരെ കൊണ്ട് ഷാബു പണയം വെപ്പിച്ചത്. ഷാബു ജോലി ചെയ്യുകയായിരുന്ന ബേങ്കിനടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ യുവതിയെ കൊണ്ട് വ്യാജ സ്വര്‍ണം പണയപ്പെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ സംഭവം പുറത്താവുകയായിരുന്നു.

ഷാബുവിന്റെ നീക്കത്തില്‍ സംശയം തോന്നിയ യുവതി യൂനിയന്‍ ബേങ്കിലുായിരുന്ന മാനേജരോട് വിവരം പറയുകയും തുടര്‍ന്ന് മാനേജര്‍ മറ്റൊരു ബേങ്കിലെ അപ്രൈസറെ കൊണ്ട് സ്വര്‍ണം പരിശോധിപ്പിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.