കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറക്കാനുള്ള ബില്ലുമായി എം പിമാര്‍

Posted on: December 22, 2016 6:57 pm | Last updated: December 22, 2016 at 6:57 pm

കുവൈറ്റ് സിറ്റി: വിദേശ തൊഴിലാളികളുടെ എണ്ണം അഞ്ച് വര്‍ഷം കൊണ്ട് കുറച്ചുകൊണ്ട് വന്ന് സ്വദേശികളുടേതിന് സമമാക്കി സന്തുലിതമാക്കുക എന്ന ലക്ഷ്യവുമായി പാര്‍ലമെന്റ് അംഗങ്ങളായ ഖാലിദ് അബുല്‍, ഔദ അല്‍ ഔദ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ച് എം പിമാര്‍ ചേര്‍ന്ന് സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.4 മില്ല്യണില്‍, 1 .33 മില്യണ്‍ മാത്രമാണ് സ്വദേശി ജനസംഖ്യ . അതായത് 30 ശതമാനം സ്വദേശികളും 60 ശതമാനം വിദേശികളും. അതില്‍ തന്നെ 6.5 ലക്ഷം സ്വദേശി വീടുകളില്‍ ജോലിചെയ്യുന്ന ഡൊമസ്റ്റിക് സ്റ്റാഫാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇത് ഘട്ടം ഘട്ടമായി കുറച്ച് അഞ്ചു വര്ഷം കൊണ്ട് സ്വദേശി വിദേശി അനുപാതം തുല്യമാക്കുക എന്നതാണ് പുതിയ നിയമം ലക്ഷ്യമാക്കുന്നത്. മൊത്തം വിദേശികളുടെ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യക്കാരാവരുത്, സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ ഓഫീസുകളിലെ ക്ലറിക്കല്‍ വിഭാഗത്തിലെ കരാര്‍ ജോലികളിലും സ്വദേശികളെ മാത്രം നിയമിച്ചും വന്‍കിട പ്രോജക്ടുകളില്‍ ജോലിചെയ്യുന്നവരെ പ്രൊജക്ട് അവസാനിക്കുന്നതോടെ തിരിച്ചയച്ചും ലക്ഷ്യത്തിലേക്ക് എത്തണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.
നിലവില്‍ ഒന്‍പത് ലക്ഷമുള്ള ഇന്ത്യയും, ആറ് ലക്ഷമുള്ള ഈജിപ്റ്റുമാണ് വിദേശി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. പുതിയ ബില്‍ പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഈ രാജ്യങ്ങളെയായിരിക്കും.