Connect with us

Kerala

റോഡപകടം: തിരുവനന്തപുരം മുന്നില്‍

Published

|

Last Updated

തിരുവനന്തപുരം: റോഡപകടങ്ങളില്‍ തിരുവനന്തപുരം രാജ്യത്ത് തന്നെ ഒന്നാമതെന്ന് റിപ്പോര്‍ട്ട്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് തലസ്ഥാനത്ത് വാഹനാപകട നിരക്ക് എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ 53 നഗരങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാണ് തലസ്ഥാനത്തെ വാഹനാപകടങ്ങളുടെ ഭീകരത എന്‍ സി ആര്‍ ബി വെളിപ്പെടുത്തിയത്. 12,440 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം തലസ്ഥാന നഗരിയില്‍ ഉണ്ടായത്.
ദേശീയ ശരാശരി 5700 ആയിരിക്കെയാണ് കേരളത്തിന്റെ തലസ്ഥാന ജില്ല അപകടങ്ങളില്‍ മറ്റ് വലിയ നഗരങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയത്. 10000ത്തില്‍ അധികം അപകടങ്ങളുമായി കൊച്ചിയും 8,068 അപകടങ്ങളുമായി തൃശൂരും പട്ടികയില്‍ ഇടം നേടി.
വാഹനം ഓടിക്കുമ്പോള്‍ നിരത്തില്‍ കാട്ടേണ്ട മര്യാദകളെല്ലാം ലംഘിച്ചത് കൊണ്ടുള്‍പ്പെടെ 2,191 പ്രധാന അപകടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. ഇതില്‍ 164 പേര്‍ മരിച്ചു. 177 പേര്‍ക്ക് ഗുരുതര പരുക്കേറ്റപ്പോള്‍ 874 പേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തലസ്ഥാനത്തെ വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. റേസിംഗ് ബൈക്കുകളില്‍ ചീറിപ്പാഞ്ഞും മദ്യപിച്ചും ഹെല്‍മറ്റില്ലാതെയും വാഹനമോടിക്കുന്നവരാണ് അപകത്തില്‍പ്പെടുന്നവരിലേറെയും. സംസ്ഥാനത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തലസ്ഥാനത്തെ വാഹനപ്പെരുപ്പമാണ് അപകട നിരക്ക് ഉയരാന്‍ കാരണം. വാണിജ്യ നഗരമായ കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം തലസ്ഥാനത്താണ് കൂടുതല്‍.
ഭരണ സിരാകേന്ദ്രമെന്ന പദവി, ശ്രീപത്മനാഭ സ്വാമിക്ഷേത്രം, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍, തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവയും തിരുവനന്തപുരത്ത് വാഹനങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകട നിരക്ക് ഉയരാന്‍ മറ്റു കാരണങ്ങളാണ്. പോലീസും മോട്ടോര്‍ വാഹനവകുപ്പും ബോധവത്കരണം നടത്തിയിട്ടും ഡ്രൈവര്‍മാരുടെ മത്സരമനോഭാവം മാറ്റാനായിട്ടില്ല.