Connect with us

Malappuram

വിമാനത്താവളത്തിന് മുകളില്‍ പതാക; ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Published

|

Last Updated

മഞ്ചേരി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലിനു മുകളില്‍ അതിക്രമിച്ചു കയറി സിഗ്നല്‍ ആന്റിനയില്‍ ലീഗ് പതാക സ്ഥാപിച്ചുവെന്ന കേസില്‍ പ്രതികളായ നാല് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) വെറുതെ വിട്ടു. കാവനൂര്‍ സ്വദേശികളായ ടി വി അബ്ദുര്‍റഹ്മാന്‍, കണ്ണിയന്‍ ശഫീഖ്, പുല്‍പ്പറ്റ സ്വദേശികളായ ടി പി നജ്ബുദ്ദീന്‍, പൂക്കൊളത്തൂര്‍ കെ വി മുഹമ്മദ് എന്നിവരെയാണ് മജിസ്‌ട്രേറ്റ് വരുണ്‍ വെറുതെ വിട്ടത്.

2004 നവംബര്‍ ഒന്നിനാണ് കേസിന്നാസ്പദമായ സംഭവം. ഉംറ നിര്‍വഹിച്ച് മടങ്ങിയെത്തിയ മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കാനെത്തിയതായിരുന്നു ലീഗ് പ്രവര്‍ത്തകര്‍. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത നാല് പേരാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത്. ഈ കാലതാമസം വിശദീകരിക്കാനും പ്രോസിക്യൂഷനായില്ലെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. പി വി മനാഫ് ഹാജരായി.

Latest