Connect with us

National

പഞ്ചാബില്‍ ജയിൽ ചാടിയ ഖലിസ്ഥാൻ ഭീകരൻ പിടിയിൽ

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബിലെ നാഭാ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഖലിസ്ഥാന്‍ ഭീകരന്‍ പിടിയില്‍. നിരോധിത ഭീകര സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റുവാണ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടിയിലായത്. ഇന്നലെയാണ് സായുധ സംഘം ജയില്‍ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയത്. ഇയാള്‍ക്കൊപ്പം മറ്റു നാലുപേരും രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാനായിട്ടില്ല.

ഹര്‍മിന്ദര്‍ സിംഗ് മിന്റൂവിന് പുറമെ നിരവധി കേസുകളില്‍ പ്രതികളും കൊടുംകുറ്റവാളികളുമായ ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിംഗ് വിക്കി എന്നിവരാണ് രക്ഷപ്പെട്ട മറ്റ് നാല് പേര്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടിയിട്ടുണ്ട്.

ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. പോലീസ് യൂനിഫോമിലെത്തിയ സംഘം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജയില്‍ തകര്‍ത്ത് കുറ്റവാളിളെ മോചിപ്പിക്കുയായിരുന്നു. പോലീസിന് നേര്‍ക്ക് സായുധ സംഘം നൂറ് തവണയോളം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് പ്രാഥമിക നടപടിയുടെ ഭാഗമായി ജയില്‍ സൂപ്രണ്ടിനെ തത്സ്ഥാനത്ത് നിന്ന് നീക്കി. ജയില്‍ വകുപ്പിന്റെ ചുമതലയുള്ള ഡി ജി പിയെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്റെ നേതാവ് ഹര്‍മിന്ദര്‍ സിംഗിനെ 2014ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പോലീസ് പിടികൂടിയത്. പത്തിലേറെ ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍. അതീവ സുരക്ഷയുള്ള നാഭ ജയിലില്‍ നിന്നാണ് രക്ഷപ്പെടുത്തിയതെന്നത് ശ്രദ്ധേയമാണ്.