Kerala
കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു
കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ ബാബുവിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍.
ആരോപണങ്ങള്‍ക്ക് കെ ബാബു നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചില ബാറുകള്‍ക്ക് ലൈസന്‍സ് തിരക്കിട്ട് അനുവദിച്ചപ്പോള്‍ ചിലര്‍ക്ക് നല്‍കിയില്ലെന്നാണ് കേസ്. ബാറുടമ വി എം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകളില്‍ ചിലത് വെച്ചുതാമസിപ്പിക്കുകയും ചില അപേക്ഷകളില്‍ തിടുക്കത്തില്‍ തീരുമാനം എടുത്തതും സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി തയ്യാറായില്ല. ബിവറേജസ് കോര്‍പറേഷന്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയിതില്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതും മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ ന്യൂനതകളുമടക്കം ത്വരിതാന്വേഷണത്തില്‍ ക്രമരഹിതമെന്ന് കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ് ബാബുവില്‍ നിന്ന് വിജിലന്‍സ് തേടിയത്. ബാബു നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്നും അതിന് ശേഷം വിശദമായി ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
ബാര്‍ ഉടമകള്‍ ലീഗല്‍ ഫണ്ടിലേക്ക് പിരിച്ച പണം എവിടേക്ക് പോയെന്നതു സംബന്ധിച്ചുള്ള വിശദമായ അന്വേഷണവും വരും ദിവസങ്ങളില്‍ നടക്കും. വിജിലന്‍സ് സംഘം അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കണക്കുകള്‍ ഹാജരാക്കിയെങ്കിലും അതില്‍ ലീഗല്‍ ഫണ്ടിലേക്ക് നടത്തിയ പണപ്പിരിവിന്റെ കണക്കുകളില്ല. ജില്ലാ കമ്മിറ്റികളോടും കണക്ക് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആരും ഹാജരാക്കിയിട്ടില്ല. സ്വകാര്യ സംഘടനയായതിനാല്‍ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പമാണെന്നും പുതിയൊരു കണക്കുണ്ടാക്കി ഹാജരാക്കിയാല്‍ പോലും കണ്ടെത്തുക എളുപ്പമല്ലെന്നും വിജിലന്‍സ് പറയുന്നു.
അതേസമയം, ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടമുണ്ടായ ബാറുടമകളാണ് തനിക്കെതിരെയുള്ള ഗൂഢാലോചനക്കും പരാതികള്‍ക്കും പിന്നിലെന്ന് കെ ബാബു ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബാര്‍ ലൈസന്‍സ് അഴിമതിക്കേസില്‍ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അസാധാരണമായ രീതിയിലാണ് കേസ് മുന്നോട്ട് പോകുന്നത്. പരാതി വന്നതും കേസെടുത്തതും പുതിയ സര്‍ക്കാര്‍ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ്. സര്‍ക്കാറിന് നഷ്ടമുണ്ടാകുന്ന ഒരു നടപടിയും മനഃപൂര്‍വം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







