Connect with us

Articles

ദേശീയത - ചില കുറിപ്പുകള്‍

Published

|

Last Updated

സാംസ്‌ക്കാരിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള ആശയ-വിശകലനങ്ങള്‍ ആഴത്തില്‍ അന്വേഷിക്കുകയും ചരിത്രപരമായും രാഷ്ട്രീയമായും ശരിയായ നിലപാട് ജനസാമാന്യത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത നമ്മുടെ മുന്നില്‍ വന്നു ചേര്‍ന്നിരിക്കുന്നു.
എന്താണ് ദേശീയത? എന്താണ് കപട ദേശീയത? എന്താണ് ദേശീയവിരുദ്ധത? എന്താണ് രാജ്യസ്‌നേഹം? രാജ്യസ്‌നേഹപരമായ മുദ്രാവാക്യങ്ങള്‍ അത്യുച്ചത്തില്‍ മുഴക്കിക്കൊണ്ടേ ഇരിക്കുക എന്നതാണോ രാജ്യസ്‌നേഹം തെളിയിച്ചെടുക്കുന്നതിനുള്ള ഉപാധി? ഏതു തരത്തിലുള്ള ഇന്ത്യയെയാണ് നാം വിഭാവനം ചെയ്യുന്നത്? ഇന്ത്യ എന്ന അടിസ്ഥാനാശയത്തിലുള്ള മുഖ്യ ഘടകമായ, ജന്മം വഴി നമുക്ക് ലഭിച്ചിട്ടുള്ള പാരമ്പര്യ മൂല്യമായ ദേശീയത എന്ത് എന്നും എപ്രകാരം എന്നും വിശദീകരിക്കേണ്ടതായി വന്നിരിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ഉത്ഭവം, സ്വഭാവം, പ്രയോഗരീതി, ഭാവി എന്നിവയെ സംബന്ധിച്ച് ആഴത്തില്‍ ആലോചിക്കേണ്ട ബാധ്യത സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്ക് ഈ ഘട്ടത്തില്‍ നിര്‍വഹിക്കേണ്ടതുണ്ട്.
കോടിക്കണക്കിന് ദരിദ്രജനത അധിവസിക്കുന്നതും; എപ്പോള്‍ വേണമെങ്കിലും അക്രമം പൊട്ടിപ്പുറപ്പെടാവുന്നതും; അഴിമതി എല്ലാ തലത്തിലും നിറഞ്ഞുനില്‍ക്കുന്നതും; വര്‍ധിച്ചുകൊണ്ടേ ഇരിക്കുന്ന അമിത ജനസംഖ്യയുടെ ഭാരം തൂങ്ങി നില്‍ക്കുന്നതും; അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ സാമാന്യബോധത്താല്‍ ഭരിക്കപ്പെടുന്നതും; അസമത്വം വ്യാപകമായതും; അക്രമാസക്തമായ വിഭാഗീയ പ്രവണതകള്‍ പലയിടത്തും സജീവമായതും; ഭീകരവാദങ്ങള്‍ക്കും പ്രയോഗങ്ങള്‍ക്കും വളക്കൂറുള്ളതും; മാരകമായ പരിസ്ഥിതി നാശങ്ങളാല്‍ വേട്ടയാടപ്പെടുന്നതുമായ ഒരു ചരിത്ര-ഭൂപ്രദേശ-ജനതതിയാണ് ഇന്ത്യ എന്ന രാഷ്ട്രം. എന്നാല്‍, ഇതിനെക്കാളെല്ലാം സ്‌ഫോടനാത്മകമായ യാഥാര്‍ഥ്യം ഇന്ത്യയിലെ നൂറ്റിയിരുപത് കോടി മനുഷ്യരെയും മനുഷ്യരല്ലാതാക്കുന്ന ജാത്യധീശത്വത്തിന്റെ പ്രത്യയശാസ്ത്രമാണ്. മനുഷ്യരുടെ രക്തത്തിലും വിയര്‍പ്പിലും വേഷത്തിലും പെരുമാറ്റത്തിലും മര്യാദകളിലും ഭക്ഷണങ്ങളിലും ഭക്ഷണമില്ലായ്മകളിലും കലയിലും സാഹിത്യത്തിലും വിശ്വാസത്തിലും ദൈവങ്ങളിലും ബന്ധങ്ങളിലും ഭാഷകളിലും എല്ലാം നിറഞ്ഞു നില്‍ക്കുന്നതും അവയെയെല്ലാം നിര്‍ണയിക്കുന്നതും ജാതിയുടെ നീരാളികളാണെന്നത് കേവലമായ ഉദ്ഗ്രഥന പ്രഭാഷണങ്ങള്‍ കൊണ്ട് മൂടി വെക്കാനാവാത്ത ഒന്നാണ്.
ഇതിനെയെല്ലാം മറികടന്ന്, സമാധാനത്തിന്റെയും മഹത്വത്തിന്റെയും ചക്രവാളങ്ങള്‍ നമുക്ക് എത്തിച്ചേരാനാകാതെ മിഥ്യ തന്നെയായി തുടരുമോ? നമ്മുടെ രാജ്യത്തെ കുറെയധികം പൗരന്മാര്‍ – അവര്‍ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പെട്ടവരാണ് – നിര്‍ണായകമായ ഈ മാറ്റത്തിനു വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്നുെണ്ടന്നത് കാണാതിരുന്നു കൂടാ. അഥവാ, അതാണ് ഇന്ത്യയെയും ഇന്ത്യക്കാരെയും എന്തിന് ലോകജനതയെ തന്നെയും വീണ്ടും വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം; കുറെയധികം മേഖലകളില്‍ ഉദാരമായ സമീപനങ്ങള്‍; എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനോഭാവം; സാംസ്‌കാരികമായ ചടുലത; നാം പരിചയിച്ചു വന്നതോ തെരഞ്ഞെടുത്തതോ ആയ വിശ്വാസ സംഹിതകള്‍ പ്രയോഗിച്ചുകൊണ്ട് സ്വാഭാവികമായി ജീവിക്കാനുള്ള തടസ്സങ്ങളില്ലായ്മ എന്നീ അടിസ്ഥാനാവകാശങ്ങളില്ലെങ്കില്‍ അത്തരമൊരു അവസ്ഥയെ എങ്ങനെയാണ് സ്വാതന്ത്ര്യം എന്നും ജനാധിപത്യം എന്നും ആധുനികത എന്നും വിളിക്കുക?
അടുത്ത കാലത്തായി; ഇതെല്ലാം പ്രകടമായി നിഷേധിച്ചുകൊണ്ടും, ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ ദിശാബോധത്തെ തന്നെ കടന്നാക്രമിച്ചുകൊണ്ടും, ഒരു പറ്റം രാഷ്ട്രീയക്കാരും വിഭാഗീയത കൈമുതലായുള്ള സംഘടനകളും ആള്‍ദൈവങ്ങളും സ്വയം പ്രഖ്യാപിത ദൈവ-പ്രതിപുരുഷന്മാരും അക്രമം മാത്രം പ്രവര്‍ത്തനമായുള്ള അധോലോക സംഘങ്ങളും പൊതു/സ്വകാര്യ/ആത്മീയ ജീവിതത്തിന്റെ സമസ്ത മേഖലകളെയും കൈയിലെടുത്ത് അമ്മാനമാടാന്‍ ആരംഭിച്ചിരിക്കുന്നു എന്നത്, ഭീതിജനകമായ അന്തരീക്ഷം കൊണ്ട് ഇന്ത്യയെ മൂടുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇത്രയും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഇക്കൂട്ടര്‍ തങ്ങളുടേതാണ് ഇന്ത്യ, രാജ്യം, നിയമങ്ങള്‍, സംസ്‌കാരം, എന്നെല്ലാം തീരുമാനിച്ചെടുത്ത് മുന്നോട്ടു കുതിക്കുന്ന ഒരു സാഹചര്യം മുമ്പ് ആലോചിക്കാന്‍ പോലും സാധ്യമായിരുന്നില്ല. അന്നും ഇത്തരം പ്രവണതകള്‍ പലയിടത്തായും നിലനിന്നിരുന്നെങ്കിലും എല്ലാം കൂട്ടിയോജിപ്പിച്ച് രാഷ്ട്രത്തിന്റെ മുഖ്യധാര തന്നെ ഈ അധോഗമന-ദിശാബോധത്തിലേക്ക് സംലയിച്ചത് രാഷ്ട്രഗാത്രം നേരിടുന്ന അതീവഗുരുതരമായ വെല്ലുവിളിയാണ്.
ഒരു കാര്യം ഉറപ്പാണ്. ഇപ്പോള്‍ പ്രകടമാക്കിയിട്ടുള്ളതും വിജയങ്ങള്‍ നിര്‍ത്തിയിട്ടില്ലാത്തതുമായ ഭൂരിപക്ഷ/സവര്‍ണ/ബ്രാഹ്മണാധീശത്വപരമായ ദേശീയതാ വ്യാഖ്യാനങ്ങള്‍, ഇന്ത്യയുടെ ദേശീയത തന്നെയാണെന്ന് ആശയപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും നിയമപരമായും സംഘടനാ പരമായും സ്ഥാപനപരമായും മറ്റും സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍, ചുരുങ്ങിയത് ഒരായിരം വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സമഗ്ര ഭരണാധികാരമായി അത് ഇന്ത്യയെ കീഴ്‌പ്പെടുത്തും. എന്നാലതിന് സാധിക്കാത്ത വിധത്തില്‍, ന്യൂനപക്ഷങ്ങളുടെയും അപരത്വങ്ങളുടെയും ഭൂരിപക്ഷത്വവും ബഹുത്വവും ഇന്ത്യയെ ഒരു കാരണവശാലും തങ്ങളെ രണ്ടാംതരക്കാരാക്കി ഇത്തരം ഭൂരിപക്ഷവാദികള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറില്ല എന്ന പ്രഖ്യാപനവും വെമ്പലും മറഞ്ഞും തെളിഞ്ഞും സജീവമായി നിലനില്‍ക്കുന്നുണ്ട് എന്നതാണ് ഏറ്റവും പ്രത്യാശാഭരിതമായ യാഥാര്‍ഥ്യം. ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന സംജ്ഞ, മതപരമായും ജാതീയമായും ഭാഷാപരമായും പ്രാദേശികമായും മാത്രം നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക പ്രതിനിധാനങ്ങളിലേക്ക് വെട്ടിച്ചുരുക്കേണ്ടതില്ല. ദരിദ്രര്‍, തൊഴിലാളികള്‍, തൊഴിലില്ലാത്തവര്‍, യുവജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിങ്ങനെ ശബ്ദവും അധികാരവും സത്യത്തില്‍ നഷ്ടപ്പെട്ട് പെരുവഴിയിലായ മഹാജനസഞ്ചയം, ചിലപ്പോള്‍ ഈ അക്രമാസക്ത ദേശീയതയുടെ വളണ്ടിയര്‍മാരായി തീരാറുണ്ടെങ്കിലും അവരെല്ലാം ജനാധിപത്യത്തിന്റെ പോരാളികളായി മാറാന്‍ കെല്‍പുള്ളവരാണ്. പക്ഷേ, അത് യാന്ത്രികമായി സംഭവിക്കില്ല. അതിലേക്ക് ആശയപരമായും ബോധനപരമായും പ്രായോഗികമായും അവരെ നയിക്കുക എന്ന ശ്രമകരമായ പ്രവൃത്തിയാണ് പുരോഗമനവാദികള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നത്.
നാം ജന്മത്തിലൂടെ സ്വായത്തമാക്കിയിരിക്കുന്ന ഇന്ത്യത്വം യഥാര്‍ഥത്തില്‍ എന്താണ്? തുറന്ന മനോഭാവമുള്ളതും എല്ലാവരെയും എല്ലാത്തിനെയും ഉള്‍ക്കൊള്ളാനാകുന്നതും ആയ വിശാല ഐക്യത്തിന്റെ സന്ദേശമാണ് ആധുനിക ഇന്ത്യയുടെ അടിത്തറ എന്ന കാര്യം ഒരു കാരണവശാലും മറന്നു പൊയ്ക്കൂടാ. ഏതു ദേശീയതാ സങ്കല്‍പമാണ് ചരിത്രപരവും ആത്മാര്‍ഥവും നിലനില്‍ക്കേണ്ടതും ആയിട്ടുള്ളതെന്നും ഏതാണ് പരാജയപ്പെടുത്തേണ്ടതെന്നും കൃത്യമായി നിശ്ചയിച്ചു തന്നെ നാം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു.
ദേശീയത എന്ന സങ്കല്‍പവും പരികല്‍പനയും, രാജ്യസ്‌നേഹം എന്ന ആശയവും മനോഭാവവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഈ രണ്ടു ദിശാബോധങ്ങളും രണ്ടായി തന്നെയാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ചരിത്രപരവും നൈയാമികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭാവനകളാണ് ദേശീയതയുടെ ഉള്ളടക്കം. എന്നാല്‍, രാജ്യസ്‌നേഹം എന്നത്, നിര്‍ബന്ധത്തോടെയും അല്ലാതെയും നിര്‍വഹിക്കപ്പെടുന്ന ഒരു പ്രയോഗമാണ്. കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരെ രാജ്യദ്രോഹ(സെഡിഷന്‍)ക്കുറ്റം ആരോപിക്കുന്നതു പോലുള്ള അമിതാധികാര കടന്നുകയറ്റങ്ങള്‍; നിര്‍വചനങ്ങള്‍ക്കപ്പുറം ഈ ആശയങ്ങള്‍ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ സൂചനയാണ്.
ഏതു തരം ഇന്ത്യയാണ് നമുക്ക് വേണ്ടത്? ഏതു തരത്തിലുള്ള ഇന്ത്യക്കാരായി മാറാനാണ് നാം ആഗ്രഹിക്കുന്നത്? വരുംതലമുറകള്‍ക്കു വേണ്ടി ഏതു തരം ദേശരാഷ്ട്രത്തെയാണ് നാം നിര്‍മിച്ചും ശിഥിലീകരിച്ചും നിലനിര്‍ത്തി ഏല്‍പ്പിച്ചുകൊടുക്കുന്നത്?
വ്യക്തിസ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന, മനുഷ്യാവകാശങ്ങളെ കാറ്റില്‍ പറത്തുന്ന, ഭരണഘടനാപരമായ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, ന്യൂനപക്ഷത്തിന്റെ വികാരങ്ങളെ അവഗണിക്കുകയും തമസ്‌കരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന, ലൈംഗിക സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന, സ്ത്രീകളെ അടിമകള്‍ക്കു തുല്യം കണക്കാക്കുന്ന, ജനാധിപത്യത്തിന്റെ മൂടുപടം അണിഞ്ഞ ഫാസിസ്റ്റ് സ്വഭാവങ്ങളിലേക്ക് വര്‍ത്തമാന കാല ഇന്ത്യ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളെ വിമര്‍ശിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും നക്‌സലൈറ്റുകളെന്നും മാവോയിസ്റ്റുകളെന്നും ടെററിസ്റ്റുകളെന്നും വിളിച്ച് ദേശദ്രോഹത്തിന്റെ മുദ്ര ചാര്‍ത്തി പീഡിപ്പിക്കുന്ന ഒന്നായി ഈ വ്യവസ്ഥ മാറിയിരിക്കുന്നു. ജനാധിപത്യം എന്ന പേരില്‍ സ്വേഛാധിപത്യം വാഴുമ്പോള്‍ പിന്നെ പൗരന് എന്ത് ഭരണഘടനാപരമായ അവകാശമാണുള്ളത്?
(ദേശീയത സംബന്ധമായി റൊമീല ഥാപ്പറുടെ ലേഖനത്തിന്റെ വായനാനുഭവം)

Latest