ബന്ധു നിയമനം: മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും വിവാദത്തില്‍

Posted on: October 9, 2016 3:26 pm | Last updated: October 10, 2016 at 10:13 am

pinarayiതിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയും പിണറായി വിജയനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വിവാദത്തില്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിതനായ ടി നവീന്‍ പിണറായിയുടെ ഭാര്യാസഹോദരിയുടെ മകനാണ്. ഇടത് സര്‍ക്കാര്‍ നിലവില്‍ വന്നയുടനെയായിരുന്നു നവീന്റെ നിയമനം. അതേസമയം യോഗ്യത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് തന്നെ നിയമിച്ചിട്ടുള്ളതെന്ന് നവീന്‍ പ്രതികരിച്ചു.

ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുക്കളെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ഉന്നത തസ്തികകളില്‍ നിയമിച്ചതായി വിവരമുണ്ട്. മേഴ്‌സിക്കുട്ടിയമ്മയുടെ ബന്ധുവായ സേവ്യറിനെ കശുവണ്ടി വികസന കോര്‍പറേഷനിലും മറ്റൊരു ബന്ധു ലോറന്‍സ് ഹറോള്‍ഡിനെ മത്സ്യഫെഡിലും പരിചയക്കാരനായ രാജേഷിനെ കാപെക്‌സിലുമാണ് (കാഷ്യൂ വര്‍ക്കേഴ്‌സ് അപക്‌സ് ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറീവ് സൊസൈറ്റി) നിയമിച്ചത്. ഇതില്‍ രാജേഷ് കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ടു വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ് ബി. തുളസീധരക്കുറുപ്പ് 2010ല്‍ കാപെക്‌സ് ചെയര്‍മാനായിരിക്കെയാണ് എംഡിയായി രാജേഷിനെ നിയമിച്ചത്.

മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തു മേഴ്‌സിക്കുട്ടിയമ്മ മത്സ്യഫെഡിന്റെ തലപ്പത്തുണ്ടായിരുന്നപ്പോഴാണ് ബന്ധുവായ ലോറന്‍സിനെ സ്ഥാപനത്തില്‍ നിയമിച്ചത്. ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ലോറന്‍സിനെ ഉന്നതപദവിയിലേക്ക് ഉയര്‍ത്തുകയായിരുന്നു.

വസായ മന്ത്രി ഇപി ജയരാജന്റെ ബന്ധുക്കളെ വിവിധ തസ്തികകളില്‍ നിയമിച്ചത് വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആശ്രിത നിയമനങ്ങള്‍ പുറത്താകുന്നത്. അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.