തുര്‍ക്കി സന്ദര്‍ശന വിസ ആവശ്യമുള്ള പ്രവാസികള്‍ എംബസിയിലേക്ക് പോകേണ്ടതില്ല

Posted on: October 8, 2016 7:24 pm | Last updated: October 8, 2016 at 7:24 pm

ദോഹ: തുര്‍ക്കി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ പ്രവാസികള്‍ക്ക് വിസ അപേക്ഷ തുര്‍ക്കി എംബസിയിലല്ല നല്‍കേണ്ടത്. നവംബര്‍ ഒന്ന് മുതല്‍ തുര്‍ക്കി വിസ അപേക്ഷ ജെയ്ദ സ്‌ക്വയറിലെ വി എഫ് എസ് ഗ്ലോബലിലോ അല്‍ ഗര്‍റാഫയിലെ അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ കിംഗ്സ്റ്റണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ആന്‍ഡ് സര്‍വീസസിലോ ആണ് നല്‍കേണ്ടത്. തുര്‍ക്കി വിസ നടപടിക്രമങ്ങള്‍ പുറംകരാര്‍ നല്‍കുകയാണെന്ന് ഖത്വറിലെ തുര്‍ക്കി അംബാസിഡര്‍ അഹ്മദ് ദെമിറോക് അറിയിച്ചു. ഇതിനായി വി എഫ് എസ് റീജ്യനല്‍ മേധാവി യുമ്മി തല്‍വാര്‍ കിംഗ്സ്റ്റണ്‍ ഗ്ലോബല്‍ ഗ്രൂപ്പ് സി ഇ ഒ ഡോ. അശ്ഫിന്‍ ഹുര്‍മുസ്ലു എന്നിവരുമായി തുര്‍ക്കി എംബസി കരാര്‍ ഒപ്പുവെച്ചു.
രാജ്യത്തെ പ്രവാസികള്‍ക്ക് വിസ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നടപടികളാണ് ഇതിലൂടെ സാധ്യമായത്. തുര്‍ക്കിയിലേക്ക് ദോഹയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുകയാണ് ലക്ഷ്യം. ഖത്വരികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ വിസയില്ലാതെ തുര്‍ക്കിയിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ വര്‍ഷം കാല്‍ ലക്ഷം ഖത്വരികള്‍ തുര്‍ക്കി സന്ദര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രവാസികളുടെ 10500 വിസ അപേക്ഷകളാണ് എംബസിയില്‍ ലഭിച്ചത്. ഈ വര്‍ഷം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 5000 വിസകളാണ് നല്‍കിയത്. വിസ നടപടിക്രമങ്ങള്‍ക്ക് പുറത്തുള്ള ഏജന്‍സിയെ ഏല്‍പ്പിച്ചതിലൂടെ വിസ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ധാരാളം പ്രവാസികള്‍ തുര്‍ക്കി സന്ദര്‍ശനത്തിന് വിസക്ക് അപേക്ഷിക്കുന്നുണ്ട്. കൂടുതല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് എംബസിയില്‍ സൗകര്യമില്ല. ഓണ്‍ലൈന്‍ സംവിധാനം തന്നെ ഈ വര്‍ഷം ആദ്യമാണ് ഏര്‍പ്പെടുത്തിയത്. ഖത്വരി ജനതയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്‍നിരയിലുള്ളതായിരുന്നു കഴിഞ്ഞ വര്‍ഷം തുര്‍ക്കി. ഖത്വറുമായി തുര്‍ക്കിക്ക് മികച്ച സൗഹൃദ ബന്ധമാണെന്നും ഈ മേഖലയില്‍ കൂടുതല്‍ സഹകരണം സാധ്യമാക്കാനുള്ള മികച്ച അവസരമാണ് ഇതെന്നും അംബാസിഡര്‍ പറഞ്ഞു. തുര്‍ക്കിയിലെ അവസ്ഥ സാധാരണനിലയിലായിട്ടുണ്ടെന്നും മികച്ച സാമ്പത്തിക പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
126 രാഷ്ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വി എഫ് എസ് ഗ്ലോബലെന്ന് തല്‍വാര്‍ പറഞ്ഞു. 50 സര്‍ക്കാറുകളുമായി ബന്ധമുണ്ട്. ദോഹയില്‍ 2005ല്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനിക്ക് ഏഴ് സര്‍ക്കാറുകളുമായി ബന്ധമുണ്ട്.