Connect with us

Palakkad

വൈദ്യുതി സംരക്ഷണത്തില്‍ പുതിയ പദ്ധതികളുമായി പാലക്കാട് ഡിവിഷന്‍

Published

|

Last Updated

പാലക്കാട്: വൈദ്യുതി സംരക്ഷണത്തിന്റെ ഭാഗമായി പാലക്കാട് റെയില്‍വേ ഡിവിഷന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു.
സബ്‌സിഡി വിലക്ക് 16000 എല്‍ ഇ ഡി ബള്‍ബുകള്‍ സമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് പദ്ധതി പ്രകാരം വിതരണം ചെയ്യും. രണ്ടാംഘട്ടത്തില്‍ എല്ലാ ജീവനക്കാര്‍ക്കും എല്‍ ഇ ഡി ബള്‍ബുകള്‍ നല്‍കും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആദ്യഘട്ട പ്രകാരം 4200 എല്‍ ഇ ഡി ബള്‍ബ് റെയില്‍വേ ക്വാട്ടേഴ്‌സിലെ 900 ജീവനക്കാര്‍ക്ക് വിതരണം ചെയ്തിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തവരെയാണ് രണ്ടാംഘട്ടത്തില്‍ പരിഗണിക്കുക.
എല്ലാ ജീവനക്കാര്‍ക്കും 80 രൂപ നിരക്കില്‍ പത്ത് ബള്‍ബ് നല്‍കും. ഇതിനുപുറമെ സ്‌റ്റേഷനുകളിലും ഓഫീസുകളിലും സാധാരണ ട്യൂബ് ലൈറ്റുകള്‍ മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ 547 സാധാരണ ട്യൂബ് ലൈറ്റുകള്‍ മാറ്റി എല്‍ ഇ ഡി ബള്‍ബുകള്‍ ഘടിപ്പിക്കും. ഇതിലൂടെ പ്രതിവര്‍ഷം 80417 യൂണിറ്റ് വൈദ്യുതിയും 4,02,085 രൂപയും ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ഓഫീസിലും റെയില്‍വെ ആശുപത്രിയിലും യഥാക്രമം 10 കെ.വി, 20 കെ.വി സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. പദ്ധഥി യാഥാര്‍ഥ്യമായാല്‍ ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതി ഇവിടെ നിന്ന് ലഭ്യമാകും.
രണ്ടാംഘട്ട ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം പത്തിന് രാവിലെ 9.30ന് ഹേമാംബികാ നഗര്‍ റെയില്‍വേ കോളനിയിലെ റെയില്‍വേ കല്യാണ മണ്ഡപത്തില്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ നരേഷ് ലാല്‍വാണി നിര്‍വഹിക്കും.

Latest