തൃപ്പൂണിത്തുറയില്‍ കരുത്തനെ കൊമ്പുകുത്തിച്ച് കന്നിയങ്കത്തില്‍ എം സ്വരാജ്

Posted on: May 20, 2016 10:42 am | Last updated: May 20, 2016 at 10:42 am

swarajm swarajകൊച്ചി: ഇടതു മുന്നണി നടത്തിയ അഴിമതിവിരുദ്ധ ക്യാമ്പയിനിന്റെ കേന്ദ്രമായിരുന്ന തൃപ്പൂണിത്തുറയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം സ്വരാജ് പൊരുതി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ സ്വരാജ് 4467 വോട്ടിന് അട്ടിമറിച്ചത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഏറ്റവും ജനകീയനുമായ പ്രബലനെയാണ്.

കമ്യൂണിസ്റ്റ് കോട്ടയായ തൃപ്പൂണിത്തുറയെ ജനപ്രിയത കൊണ്ട് കൈപ്പിടിയിലാക്കിയ കെ ബാബു 1991 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും കെ ബാബുവിനെതിരെ മത്സരിച്ച സി പി എമ്മിന്റെ പ്രമുഖരെല്ലാം അടിതെറ്റി വീണു. 1991ല്‍ എം എം ലോറന്‍സ്, 1996ല്‍ ഗോപി കോട്ടമുറിക്കല്‍, 2001ല്‍ കെ ചന്ദ്രന്‍പിള്ള, 2006ല്‍ കെ എന്‍ രവീന്ദ്രനാഥ്, 2011ല്‍ സി എം ദിനേശ് മണി എന്നിവരാണ് ബാബുവിനോട് മത്സരിച്ചു തോറ്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15,778 ആയിരുന്നു കെ ബാബുവിന് സി എം ദിനേശമണിക്കെതിരെ ലഭിച്ച ഭൂരിപക്ഷം.
ഓരോ തിരഞ്ഞെടുപ്പു കഴിയുന്തോറും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബലനായ നേതാവായി ബാബു വളരുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി മാറിയ ബാബുവിന് എക്്‌സൈസ് വകുപ്പ് തന്നെ നല്‍കിയത് ഈ അടുപ്പത്തിനുള്ള അംഗീകാരമായി. എന്നാല്‍ ബാര്‍ കോഴക്കേസ് പൊട്ടിപ്പുറപ്പെട്ടതോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആരോപണ വിധേയരായ മന്ത്രിമാരില്‍ ഒന്നാമനായി ബാബു മാറി. പത്ത് കോടിയുടെ കോഴ ആരോപണമാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ബാബു രാജി നല്‍കിയിട്ടും ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ കൈവിട്ടില്ല.
ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് സി പി എം നേതൃത്വം നടത്തിയ നീക്കം ബാബുവിന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നായക സ്ഥാനത്ത് സി പി എം സ്വരാജിനെ ഇവിടെ പ്രതിഷ്ഠിച്ചപ്പോള്‍ വി എസ് പക്ഷത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും വി എസ് അച്യുതാനന്ദന്‍ തന്നെ നേരിട്ട് വന്ന് സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇതിന്റെ അലയൊലികള്‍ അടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തൃപ്പൂണിത്തുറയില്‍ ക്യാമ്പ് ചെയ്ത് നടത്തിയ പ്രചാരണം മണ്ഡലത്തെ ഇളക്കിമറിച്ചു. കെ ബാബുവിനെ അഴിമതി വീരനായി ചിത്രീകരിക്കുന്നതില്‍ എല്‍ ഡി എഫ് വിജയിച്ചു. കെ പി സി സി പ്രസിഡണ്ടിന് പോലും വേണ്ടാത്തവന്‍ എന്ന പ്രചാരണം കുറിക്കു തന്നെ കൊണ്ടു. കെ ബാബുവിനെ തൃപ്പൂണിത്തുറക്കാരുടെ പ്രിയങ്കരനാക്കിയ അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ തകര്‍ച്ച തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് യു ഡി എഫ് തിരിച്ചറിയുന്നത്.