Connect with us

Kerala

ഇടത് തരംഗത്തില്‍ വീഴാതെ ലീഗ്; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഇടത് തരംഗത്തിലും മുസ്ലിംലീഗ് പിടിച്ചു നിന്നു. കുറ്റിയാടി മണ്ഡലത്തില്‍ പാറക്കല്‍ അബ്ദുള്ള സിറ്റിംഗ് എംഎല്‍എ കെകെ ലതികയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറെ ശ്രദ്ധേയമായ മല്‍സരം നടന്ന അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയതും ലീഗിന് നേട്ടമായി.

അതേസമയം ഭൂരിഭാഗം സീറ്റുകളിലും കഴിഞ്ഞ തവണ നേടിയ ഭൂരപക്ഷത്തിന്റെ അടുത്തെങ്ങുമെത്താന്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കായില്ല. ലീഗിന്റെ ഉറച്ച കോട്ടകളില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കാനും ഇടത് മുന്നണിക്കായി. മലപ്പുറം ജില്ലയിലെ പല ലീഗ് കോട്ടകളിലും വോട്ടെണ്ണലിനെ വിവിധ ഘട്ടങ്ങളില്‍ ഇടത് മുന്നണി ലീഡ് നേടുന്ന സാഹചര്യവുമുണ്ടായി. താനൂര്‍, കൊടുവള്ളി, തിരുവമ്പാടി എന്നീ സിറ്റിംഗ് സീറ്റുകള്‍ ലീഗിന് നഷ്ടപ്പെട്ടു. കൊടുവള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തി മൂലം പാര്‍ട്ടി വിട്ട വിമതന്‍ കാരാട്ട് റസാഖ് ജയിച്ചു കയറി. താനൂരില്‍ ലീഗിന്റെ മുതിര്‍ന്ന നേതാവായ അബ്ദുറഹ്മാന്‍ രണ്ടത്താണി വി അബ്ദുറഹ്മാനോട് തോറ്റതും ലീഗിന് ഉറച്ച കോട്ടകളില്‍ വെല്ലുവിളി നേരിടുന്നതിന്റെ തെളിവാണ്.

തിരൂരങ്ങാടിയില്‍ മന്ത്രി പികെ അബ്ദുറബ്ബ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ പിന്നിലായിരുന്നു. അവസാന നിമിഷത്തിലാണ് അദ്ദേഹം ലീഡ് നേടിയത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടതിലും ലീഗ് വോട്ടുകളുടെ ചോര്‍ച്ചക്ക് പങ്കുണ്ട്. ലീഗിന്റെ കോട്ടയായ പെരിന്തല്‍മണ്ണയില്‍ വെറും 579 വോട്ടുകള്‍ക്കാണ് മന്ത്രി മഞ്ഞളാംകുഴി അലിക്ക് ജയിക്കാനായത്. പാര്‍ട്ടിയുടെ കോട്ടകളിലുണ്ടായ വോട്ടുചോര്‍ച്ച വരും നാളുകളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാവുമെന്ന കാര്യം ഉറപ്പാണ്.