അബ്ദുര്‍റബ്ബിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കമന്റുകളുടെ പ്രളയം

Posted on: May 13, 2016 2:40 pm | Last updated: May 13, 2016 at 2:40 pm

തിരൂരങ്ങാടി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ അബ്ദുര്‍റബ്ബിനെതിരെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കമന്റുകള്‍ പ്രചരിക്കുന്നു. അബ്ദുര്‍റബിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ അമര്‍ഷമുള്ളവരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണവുമായി രംഗത്തു വന്നിട്ടുള്ളത്.
കുറേകാലം പിതാവ് പഞ്ചായത്ത് പ്രസിഡന്റും എം എല്‍ എയും മന്ത്രിയും ഉപമുഖ്യമന്ത്രിയുമൊക്കെയായി. പിന്നീട് മകനും ആദ്യം പഞ്ചായത്തിലും ശേഷം നിയമസഭയിലും നാല് തവണ എം എല്‍ എയുമായി. ഒടുവില്‍ മന്ത്രി സ്ഥാനവും. ഇക്കുറി മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കൂടിയയാളെന്ന ഖ്യാതിയും. എന്നാലും അവസ രം മാറി കൊടുക്കരുത്. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയും എന്‍ ശംസുദ്ദീനുമല്ല തോല്‍ക്കേണ്ടത് എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലുള്ള പ്രയോഗങ്ങള്‍.
പേരെടുത്ത് പറയാതെയാണ് അബ്ദുര്‍റബിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ചിലര്‍ ഇത് പോസ്റ്റ് ചെയ്തതോടെ പലരും ഷെയര്‍ ചെയ്യുകയായിരുന്നു. മുസ്‌ലിം ലീഗ് അനുഭാവികള്‍ക്കിടയിലാണ് വ്യാപകമായി പ്രചരിക്കുന്നത്.