Connect with us

Ongoing News

മോദിക്ക് മറുപടിയുമായി സോണിയ: ഇന്ത്യയാണ് എന്റെ രാജ്യവും വീടും, ഞാന്‍ സ്‌നേഹിച്ചവരുടെ മണ്ണാണ് ഇന്ത്യ

Published

|

Last Updated

തിരുവനന്തപുരം: ഞാന്‍ ഇന്ത്യക്കാരിയാണെന്നും എന്റെ ചിതാഭസ്മം ലയിച്ചുചേരേണ്ടത് ഈ രാജ്യത്താണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഇന്ത്യയോടുള്ള തന്റെ കൂറ് ചോദ്യം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ല. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ മോദി വ്യക്തഹത്യ നടത്തുകയാണ്. തന്റെ ചിന്തയും വികാരവും മോദിക്ക് മനസിലാകില്ലെങ്കിലും ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാകും. തിരുവനന്തപുരത്ത് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
താന്‍ ഇറ്റലിക്കാരിയാണെന്നും ഇന്ത്യയോട് കൂറില്ലാത്തവളാണെന്നുമാണ് മോദി അടക്കമുള്ള ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുടെ പ്രചാരണം. വര്‍ഷങ്ങളായി ഇവര്‍ തന്നെ ഇത്തരത്തില്‍ പീഡിപ്പിക്കുകയാണ്. ഇറ്റലിയില്‍ ജനിച്ച താന്‍ 1968 ല്‍ ഇന്ദിരയുടെ മരുമകളായി ഇന്ത്യയിലേക്ക് വന്നവളാണ്. കഴിഞ്ഞ 48 വര്‍ഷമായി ഈ രാജ്യത്താണ് താന്‍ ജീവിക്കുന്നത്. തന്റെ വീടും രാജ്യവും ഇന്ത്യയാണ്. തനിക്ക് 93 വയസുള്ള അമ്മയും രണ്ട് സഹോദരിമാരും ബന്ധുക്കളും ഇപ്പോഴും ഇറ്റലിയില്‍ ഉണ്ട്. പക്ഷേ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്നവരുടെയും തന്നെ ഇഷ്ടപ്പെടുന്നവരുടെയും രക്തം ചിന്തിയത് ഈ നാട്ടിലാണ്. ഇവിടെ തന്നെയായിക്കും തന്റെ മരണവും. തന്റെ ചിതാഭസ്മവും ലയിച്ചു ചേരേണ്ടത് ഈ മണ്ണിലാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ എന്‍ ഡി എ യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് സോണിയക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. തനിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും പ്രസംഗത്തിനൊടുവില്‍ അക്കാര്യം പറയുമെന്നും പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ അവര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വികസനമില്ലെന്ന് പറഞ്ഞ മോദിയെ സോണിയ വെല്ലുവിളിച്ചു. ബി ജെ പി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ വികസനത്തിന്റെ തെളിവ് ചൂണ്ടിക്കാണിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. വരള്‍ച്ചയിലും കാര്‍ഷിക പ്രതിസന്ധിയിലും നട്ടം തിരിയുന്ന കേരളത്തെ സഹായിക്കുന്നതിന് പകരം ഇവിടെ കര്‍ഷകര്‍ക്ക് കിട്ടുന്ന സബ്‌സിഡി വെട്ടിക്കുറക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
വിദേശ രാജ്യങ്ങളില്‍ പണിയെടുക്കുന്ന ഇന്ത്യക്കാര്‍ക്കായി യു പി എ സര്‍ക്കാര്‍ രൂപം നല്‍കിയ പ്രവാസിവകുപ്പ് നിര്‍ത്തലാക്കി. സ്വച്ഛഭാരതിന്റെ പേരില്‍ പാവങ്ങളില്‍ നിന്നും നികുതി പണം പിഴിയുന്ന കേന്ദ്രം, ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കുറക്കാന്‍ തയാറാകുന്നില്ല. മതനിരപേക്ഷതയിലൂന്നി ജനപക്ഷത്ത് നിന്ന് കോണ്‍ഗ്രസും യു ഡി എഫും പ്രവര്‍ത്തിക്കുമ്പോള്‍, വര്‍ഗീയ നിലപാടുകളിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇനി ഇത് വിലപ്പോകില്ല. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയതാണ് മോദിയുടെ മറ്റൊരു പ്രധാന ഭരണനേട്ടം. ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും സംഭവിച്ചതും ഇതു തന്നെയാണ്. ഈ സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. അക്രമ രാഷ്ട്രീയ നിലപാടില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ഡി.എഫും കേരളത്തിന് ഭീഷണിയാണ്.
യു ഡി എഫിന്റെ വികസനരാഷ്ട്രീയത്തെ എന്ത് വില കൊടുത്തും തകര്‍ക്കാനാണ് അവരുടെ ശ്രമമെന്നും സോണിയ പറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇന്നലെ വൈകീട്ട് 4.15നാണ് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക്, ഡി സി സി പ്രസിന്റ് വി ജെ പൗലോസ്, ബി എ.അബ്ദുല്‍ മുത്തലിബ്, ജെയ്‌സന്‍ ജോസഫ്, ടി എം സക്കീര്‍ ഹുസൈന്‍, ഐ കെ രാജു തുടങ്ങിയവര്‍ ചേര്‍ന്ന് റണ്‍വെയില്‍ സോണിയാഗാന്ധിയെ സ്വീകരിച്ചു.സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി.

Latest