ബാബു മാതൃകയെന്ന് സുധീരന്‍

Posted on: May 3, 2016 8:45 am | Last updated: May 3, 2016 at 9:48 am

കൊച്ചി: എക്‌സൈസ് മന്ത്രി കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിന് തടയിടാന്‍ കടുത്ത സമ്മര്‍ദം ചെലുത്തിയ കെ പി സി സി പ്രസിഡന്റ്് വി എം സുധീരന്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കെ ബാബുവിനെ പ്രശംസിച്ച് കൈയടി വാങ്ങി. നിയോജകമണ്ഡലം ഭംഗിയായി നോക്കുന്ന കെ ബാബു ജനപ്രതിനിധികള്‍ക്ക് മാതൃകയാണെന്ന് സുധീരന്‍ തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വികസന പ്രവര്‍ത്തനങ്ങളിലും ബാബു എപ്പോഴും ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സി പി എം, ബി ജെ പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണ്. ഇത്തവണ ബാബുവിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആലപ്പുഴ ജില്ലയില്‍ പലയിടത്തും സി പി എം ബി ജെ പിയുമായി സഖ്യമുണ്ടാക്കിയെന്നും സുധീരന്‍ ആരോപിച്ചു.