കോണ്‍ഗ്രസിലെ സീറ്റ്‌ തര്‍ക്കം തുടരുന്നു; നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് സുധീരന്‍

Posted on: March 30, 2016 11:39 am | Last updated: March 30, 2016 at 4:30 pm
SHARE

oommenchandiന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തന്റെ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്ന് മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. തര്‍ക്കങ്ങള്‍ സാധാരണമാണ്. സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. രാഹുല്‍ ഗാന്ധിയെ സ്ഥിതിഗതികള്‍ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി. ആരോപണവിധേയരായവര്‍ എല്ലാവരും മാറിനില്‍ക്കണമെന്നാണ് സുധീരന്റെ നിലപാട്.

അതേ സമയം വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താനും ആരോപണവിധേയനാനാണെന്നും തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഇതിനു പിന്തുണ നല്‍കുന്നു.

അഴിമതി ആരോപണം നേരിടുന്നവര്‍ മാറിനിന്ന് യു.ഡി.എഫിന് തെരഞ്ഞെടുപ്പു രംഗത്ത് മെച്ചപ്പെട്ട ഇമേജ് നല്‍കണമെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടില്‍ പ്രതിഷേധിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. അതേസമയം, വി.എം സുധീരന്‍ ഇതുവരെ തന്റെ നിലപാട് മയപ്പെടുത്താന്‍ തയ്യാറായിട്ടില്ല. നേതാക്കള്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന സെക്രട്ടറി ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ കേരളത്തിലെ മൂന്ന് നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. ഗുലാം നബി ആസാദുമായി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. അതിനിടെ, സ്‌ക്രീനിങ് കമ്മറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

അഴിമതി ആരോപണം നേരിടുന്ന കെ. ബാബു, അടൂര്‍ പ്രകാശ്, ഇരിക്കൂറില്‍ നിരവധി തവണയായി മത്സരിക്കുന്ന കെ.സി. ജോസഫ്, വിവാദത്തിലുള്‍പ്പെട്ട ബെന്നി ബഹനാന്‍, എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് സുധീരന്‍ യോഗത്തിനിടെ നിലപാടെടുത്തത്. മുഖ്യമന്ത്രിയുടെ വിശ്വസ്തരെന്ന് അറിയപ്പെടുന്നവരാണിവര്‍. തന്റെ വിശ്വസ്തരെ വെട്ടിക്കളയാന്‍ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. യോഗത്തില്‍ മാറ്റിനിര്‍ത്തണമെന്ന് അഭിപ്രായപ്പെടുന്ന എം.എല്‍.എമാര്‍ക്കു പകരം സ്ഥാനാര്‍ഥികളെ വി.എം. സുധീരന്‍ നിര്‍ദേശിക്കുകയും ചെയ്തു. തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനു പകരം എന്‍. വേണുഗോപാല്‍, കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി. മോഹന്‍രാജ്, ഇരിക്കൂറില്‍ കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനി, തൃക്കാക്കരയില്‍ ബെന്നി ബഹനാനെ മാറ്റി പി.ടി. തോമസ്, പാറശ്ശാലയില്‍ എ.ടി. ജോര്‍ജിനെ മാറ്റി നെയ്യാറ്റിന്‍കര സനല്‍ അല്ലെങ്കില്‍ മരിയാപുരം ശ്രീകുമാര്‍ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് സുധീരന്റെ പക്ഷം.

രണ്ടു ദിവസത്തിനിടക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സമവായമുണ്ടാക്കാനാകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതീക്ഷ. ഇപ്പോഴും ഡല്‍ഹിയിലുള്ള സംസ്ഥാന നേതാക്കളെ അനുനയപ്പിക്കാനായി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തിറങ്ങാനാണ് സാധ്യത. കേരളത്തിലെ ജയം ദേശീയതലത്തില്‍ പ്രധാനമാണെന്നിരിക്കെ, പ്രതിച്ഛായ നന്നാക്കാന്‍ ശ്രമം വേണമെന്ന കാഴ്ചപ്പാട് ഹൈക്കമാന്‍ഡിനുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here