സര്‍ക്കാറിന്റെ ഇഷ്ടദാനങ്ങള്‍

Posted on: March 24, 2016 6:00 am | Last updated: March 23, 2016 at 10:23 pm

SIRAJ.......വിജിലന്‍സിനെ വിവരാവകാശത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് വിജിലന്‍സ് അന്വേഷിക്കുന്ന കേസിന്റെ വിശദാംശങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും നല്‍കേണ്ടതില്ലെന്ന ഉത്തരവ് പിന്‍ലിക്കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ച മുമ്പാണ് കുമരകം മെത്രാന്‍ കായലില്‍ ടൂറിസം പദ്ധതിക്കായി 378 ഏക്കറും എറണാകുളം കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ മെഡിക്കല്‍ ടൂറിസത്തിനായി 47 ഏക്കര്‍ നെല്‍വയലും മണ്ണിട്ടു നികത്താന്‍ അനുമതി നല്‍കിയ തീരുമാനം റദ്ദാക്കിയത്. വടക്കന്‍ പറവൂരിലും മാളയിലുയി സര്‍ക്കാര്‍ ഏറ്റെടുത്ത 118 ഏക്കര്‍ മിച്ചഭൂമി വിവാദസ്വാമി സന്തോഷ് മാധവന് തിരിച്ചു നല്‍കിയ തീരുമാനവും പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയുമുണ്ടായി.
മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അടിക്കടി തിരുത്തുകയും റദ്ദാക്കുകയും ചെയ്യേണ്ടി വരുന്നത് സര്‍ക്കാറിനും യു ഡി എഫിനും കടുത്ത നാണക്കേടായിരിക്കുകയാണ്. കെ പി സി സി അധ്യക്ഷന്‍ ഉള്‍പ്പെടെ ഭരണപക്ഷത്തെ പ്രമുഖരുടെ പോലും വിമര്‍ശങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് വിശേഷിച്ചും. ചട്ടങ്ങള്‍ പാലിച്ചും സുതാര്യമായും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വിമര്‍ശിക്കപ്പെടുകയില്ല. ആരെങ്കിലും വിമര്‍ശമുയര്‍ത്തിയാല്‍ തന്നെ വ്യക്തമായ മറുപടി നല്‍കാനും തീരുമാനത്തില്‍ സധൈര്യം ഉറച്ചുനില്‍ക്കാനും സാധിക്കുകയും ചെയ്യും. നടേ പറഞ്ഞ തീരുമാനങ്ങളിലെല്ലാം വിമര്‍ശങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂളിപ്പോകുകയാണുണ്ടായത്. സുതാര്യതയില്ലായ്മയാണ് കാരണം.
യു എന്നിന്റെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ് എ ഒ) ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃകമായി പ്രഖ്യാപിച്ച കായല്‍നിലങ്ങളില്‍ ഒന്നാണ് മെത്രാന്‍ കായല്‍. കൃഷിയോഗ്യവും തണ്ണീര്‍തടങ്ങളാല്‍ സമ്പുഷ്ടവുമായ പ്രദേശം നികത്താന്‍ ചട്ട വിരുദ്ധമായാണ് ഫെബ്രുവരി 25ന് നടന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്. റവന്യൂമന്ത്രി അറിയാതെയാണ് ഫയല്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കെത്തിയതത്രേ. ഇതിന് പിന്നില്‍ കടുത്ത അഴിമതിയാണുള്ളതെന്ന് ബോധ്യപ്പെടുന്നു ഇത്തരം ഒളിച്ചുകളികള്‍.
മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ എം എല്‍ എമാര്‍, ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഒഴിവാക്കുകയായിരുന്നു വിജിലന്‍സിനെ വിവരാവകാശ പരിധിയില്‍ നിന്ന് പുറത്തു നിര്‍ത്തിക്കൊണ്ടുള്ള ഉത്തരവിന്റെ ലക്ഷ്യം. പല മന്ത്രിമാരും എം എല്‍ എമാരും അഴിമതി ആരോപണത്തിന് വിധേയരാകുകയും ഇവയില്‍ പലതും വിജിലന്‍സിന്റെ പരിഗണനയിലിരിക്കുകയും ചെയ്യവേ ഉത്തരവിന്റെ ഉദ്ദേശ്യം വ്യക്തമാണ്. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യത്തിന് തന്നെ കത്തി വെക്കുന്നതായിരുന്നു മന്ത്രിസഭാ തീരുമാനം. അഴിമതി തടയാനാണ് മുഖ്യമായും വിവരാവകാശ നിയമം ആവിഷ്‌കരിച്ചത്. ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത് ഭരണ വര്‍ഗവും ഉദ്യോഗസ്ഥ പ്രമുഖരുമാണ്. ഈ സാഹചര്യത്തില്‍ അവര്‍ ഇതിന്റെ പരിധിയില്‍ വരേണ്ടത് അനിവാര്യമാണ്.
സന്തോഷ് മാധവനുമായി ബന്ധപ്പെട്ട ഭൂമിയുടെ കാര്യത്തിലെടുത്ത തീരുമാനവും നഗ്നമായ നിയമലംഘനമാണ്. 2009 ജനുവരിലാണ് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഈ 118 ഏക്കര്‍ മിച്ച ഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്നൊഴിവാക്കി ഭൂമി തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്റെ കമ്പനി പിന്നീട് സര്‍ക്കാറിനെ സമീപിച്ചെങ്കിലും അന്വേഷണത്തില്‍ പൊതുസംരഭമല്ല, റിയല്‍ ഏസ്റ്റേറ്റ് ബിസിനസാണ് കമ്പനിയുടെ ലക്ഷ്യമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അപേക്ഷ നിരസിച്ചതാണ്. ആ ഭൂമിയാണ് അന്വേഷണ റിപ്പോര്‍ട്ടുകളും തണ്ണീര്‍തട നിയമങ്ങളുമെല്ലാം കാറ്റില്‍ പറത്തി വിവാദ സ്വാമിക്ക് പതിച്ചു നല്‍കുന്നത്.
ഏറ്റവുമൊടുവില്‍ വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കര വില്ലേജിലും തൃശൂര്‍ കൊടുങ്ങല്ലൂരിലുമായി സ്വകാര്യമേഖലയിലെ ഐ ടി കമ്പനികളുടെ 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിധിനിയമത്തില്‍ ഇളവ് നല്‍കാനുള്ള ഉത്തരവും വിവാദത്തിലാണ്. നെല്‍വയല്‍, തണ്ണീര്‍ത്തട പരിധിയില്‍ വരുന്നതാണെന്ന് വില്ലേജ് ഓഫിസറും തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കുകയും പറവൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് കൈമാറാന്‍ കലക്ടര്‍ ഉത്തരവുനല്‍കുകയും ചെയ്ത ഭൂമിയാണിത്. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചെങ്കിലും അവരുടെ വാദം കോടതി അംഗീകരിച്ചില്ല. ഈ ഭൂമിക്കാണ് ഇളവ് അനുവദിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്ത മാര്‍ച്ച് രണ്ടിന് ഉത്തരവിറക്കിയത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ കടുത്ത അഴിമതികള്‍ സംശയിക്കാകുന്നതാണ്. ഭരണ തുടര്‍ച്ചയുണ്ടാകുകയില്ലെന്ന് യു ഡി എഫ് നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞെന്ന ധാരണ ജനങ്ങളിലുണ്ടാക്കാനും ഈ ഇഷ്ടദാനങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. ഇത് യു ഡി എഫിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് നിയമത്തെ കാറ്റില്‍ പറത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍. പാര്‍ട്ടി നേതൃത്വത്തെ നോക്കുകുത്തിയാക്കിയുള്ള തെറ്റായ തീരുമാനങ്ങളില്‍ പലതും തിരുത്തിക്കാന്‍ വി എം സുധീരന്റെ ശക്തമായ നിലപാടുകള്‍ക്ക് സാധിച്ചുവെന്നത് ആശ്വാസകരമാണ്.