ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കന്‍ഹയ്യ കുമാറിനെ തടഞ്ഞു

Posted on: March 23, 2016 7:20 pm | Last updated: March 23, 2016 at 8:14 pm

Kanhayya kumar at hiderabadഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെ അധികൃതര്‍ തടഞ്ഞു. പുറത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന കാരണം പറഞ്ഞാണ് സന്ദര്‍ശനം വിലക്കിയത്. ഇതിനെ തുടര്‍ന്ന് സര്‍വകലാശാല കവാടത്തിന് മുന്നില്‍ കന്‍ഹയ്യ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു. എത്ര രോഹിത് വെമുലമാരെ നിങ്ങള്‍ കൊന്നെന്ന് ചോദിച്ചായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്.

രോഹിതിന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കാമ്പസില്‍ രോഹിതിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കാമ്പസുകളിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ ‘രോഹിത് ആക്ട്’ എന്ന പേരില്‍ നിയമനിര്‍മാണം കൊണ്ടുവരാന്‍ കേന്ദ്രം തയാറാകണമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

രോഹിത് വെമുലയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് അവധിയിലായിരുന്നു വിസി അപ്പാറാവു വീണ്ടും സ്ഥാനം ഏറ്റെടുത്തതോടെയാണ് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായത്. വിസിയുടെ ഓഫിസിലെ ടി.വി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. വിസിയുടെ വസതിക്ക് പുറത്തും ഓഫീസിലും വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനെ തുടര്‍ന്ന് 30 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പൊലീസ് ലാത്തി പ്രയോഗിക്കുകയും ചെയ്തു. കടുത്ത മര്‍ദ്ദനമാണ് പൊലീസ് നടത്തിയത്. എന്നാല്‍, തങ്ങളല്ല സമരത്തില്‍ നുഴഞ്ഞു കയറിയ എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ പറയുന്നത്.

അതേസമയം, അര്‍ധ സൈനികരുടെയും പൊലീസിന്റെയും വലിയ സംഘത്തെ കാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചും മെസ് അടച്ചിട്ടും വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചുമര്‍ത്താനാണ് വിസിയുടെ നീക്കം.