ഇനിയൊരങ്കത്തിന് ‘ബാല്യ’മുണ്ടായിട്ടും…

Posted on: March 22, 2016 5:06 am | Last updated: March 22, 2016 at 12:08 am

R.Balakrishna_Pillai_031916കീഴൂട്ട് രാമന്‍പിള്ളയുടെ മകന്‍ ബാലകൃഷ്ണപിള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ‘സ്വയം’ വിരമിക്കുകയാണ്. കാരണം ചോദിച്ചാല്‍ സ്വയം എടുത്ത തീരുമാനമെന്നാകും മറുപടി. എന്നാല്‍, ഉയര്‍ചയും താഴ്ചയും കണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഇങ്ങനെ വിരമിക്കേണ്ടി വരുമെന്ന് പിള്ളയും പ്രതീക്ഷിച്ചതല്ല. മത്സരിക്കാനുള്ള സന്നദ്ധത നേരത്തെ അറിയിച്ചതാണ്. സി പി എം പറയുന്ന സീറ്റില്‍ ചാവേറാകാന്‍ മനസ് കൊണ്ട് ഒരുങ്ങി. കൊട്ടാരക്കര കിട്ടില്ലെന്ന് അറിഞ്ഞ് തന്നെ ചവറ മുതല്‍ ആറന്മുള വരെ ആഗ്രഹിച്ചു. ഇതിനായി രണ്ടുവട്ടം എ കെ ജി സെന്ററില്‍ നേരിട്ടെത്തി. പക്ഷെ, പത്തനാപുരം മകന്‍ ഗണേഷിന് നല്‍കാമെന്നതില്‍ കവിഞ്ഞൊരു വാഗ്ദാനം സി പി എം നല്‍കിയില്ല. പിണറായിയുടെ മനസ് അറിഞ്ഞതോടെയാണ് സ്വയംവിരമിക്കല്‍ പ്രഖ്യാപനം നടത്തി പിള്ളയുടെ രംഗത്ത് വന്നത്.
2011ലെ തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യചര്‍ച്ചാവിഷയമായിരുന്നു പിള്ള. ഇടമലയാര്‍ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു അന്ന്. കൊട്ടാരക്കരയില്‍ പിള്ളയുടെ വിശ്വസ്തന്‍ മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. പത്തനാപുരത്ത് ജയിച്ച മകന്‍ ഗണേഷ് മന്ത്രിസഭയിലെത്തി. ശിക്ഷാകാലാവധി കഴിഞ്ഞിറങ്ങിയ പിള്ള ഗണേഷിനെ രാജിവെപ്പിച്ച് മന്ത്രിയാക്കാന്‍ ഒരു കൈ നോക്കി. പിന്നെ രണ്ടുപേരും രണ്ടുവഴിക്ക് പോയത് ചരിത്രം. ഭാര്യയുമായി പിണങ്ങി മന്ത്രിപദം പോയതോടെ ഗണേഷും പിള്ളയും വീണ്ടും കൊമ്പുകോര്‍ത്തു. മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും യു ഡി എഫ് ബന്ധം വിച്ഛേദിക്കുന്നത്.
അഴിമതി കേസാകും തനിക്ക് മുന്നിലെ തടസം എന്ന് പിള്ളക്ക് നേരത്തെ ബോധ്യപ്പെട്ടതാണ്. അത്‌കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയതും. ഉമ്മന്‍ചാണ്ടി മുതല്‍ അനൂപ് ജേക്കബ് വരെയുള്ളവര്‍ക്കെതിരെ പോര്‍മുഖം തുറന്നു പിള്ള. സോളാര്‍ കേസിലും ബാര്‍കോഴയിലുമെല്ലാം എല്‍ ഡി എഫിന് ആയുധമെത്തിയത് പിള്ള വഴി. ഇടത് മുന്നണിസമരപന്തലുകളില്‍ നിറ സാന്നിധ്യമായി മാറി പിള്ള. ഇതൊന്നും പിള്ളയെ ഇടത് മുന്നണിയുടെ സീറ്റിലേക്ക് അടുപ്പിക്കുന്നില്ല.
രാഷ്ട്രീയത്തില്‍ എന്നും പ്രതാപിയായിരുന്നു ബാലകൃഷ്ണ പിള്ള. യു ഡി എഫിലായിരുന്നപ്പോള്‍ കണ്ണുരുട്ടിയാണ് പല സ്ഥാനവും സ്വന്തമാക്കിയത്. എല്‍ ഡി എഫിലെത്തിയതോടെ ദുര്‍ബലനായ പിള്ളയെയാണ് കേരളം കാണുന്നത്. ‘സ്വയം’ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ 56 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിനാണ് പിള്ള ഫുള്‍സ്റ്റോപ്പിടുന്നത്.
കേരള നിയമസഭാംഗമായിരുന്നവരില്‍ പിള്ളയെക്കാള്‍ സീനിയറായി ഇന്നു ജീവിച്ചിരിക്കുന്ന രണ്ടു പേരെയുള്ളൂ. ഒന്നാം നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ ആര്‍ ഗൗരിയമ്മയും ഇ ചന്ദ്രശേഖരന്‍ നായരും. ചന്ദ്രശേഖരന്‍ നായരെ ആദ്യം നിയമസഭയിലെത്തിച്ചത് പിള്ളയുടെ തട്ടകമായ കൊട്ടാരക്കര. ഇവിടെ രണ്ടു പേരും പരസ്പരം മത്സരിക്കുകയും ജയിക്കുകയും പരാജയപ്പെടുകയും ചെയ്തതും മറ്റൊരു കൗതുകം. മന്നത്ത് പത്മനാഭനുമായുള്ള അടുപ്പമാണ് പിള്ളയെ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാക്കിയത്. മന്നത്ത് പത്മനാഭനെക്കൂടാതെ പിള്ളയായിരുന്നു കേരള കോണ്‍ഗ്രസിലെ നായര്‍ മേധാവി. 1963 മുതല്‍ തുടര്‍ച്ചയായി 27 വര്‍ഷം ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. 11 വര്‍ഷം കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചു.
1976ല്‍ കെ എം ജോര്‍ജിന്റെ നിര്യാണത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ മേധാവിത്വം പിടിക്കാനുള്ള പിള്ളയുടെയും കെ എം മാണിയുടെയും മത്സരമാണ് പാര്‍ട്ടിയിലെ ആദ്യ പിളര്‍പ്പിന് കാരണം. തുടക്കത്തില്‍ പിള്ളക്കായിരുന്നു മേധാവിത്വമെങ്കിലും തിരഞ്ഞെടുപ്പില്‍ ഈ കരുത്ത് തെളിയിക്കാനായില്ല. മൊത്തം പത്തു തവണ കേരള നിയമസഭയിലേക്കും ഒരു തവണ പാര്‍ലിമെന്റിലേക്കും മത്സരിച്ചു. എട്ടു തവണയും വിജയിച്ചു.
അടിയന്തരാവസ്ഥക്കു ശേഷം കുറച്ചുകാലം ജനതാപാര്‍ട്ടിയിലും അംഗമായി. 1965ലും 67ലും 2006ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. 1977, 80, 82, 87, 91, 96, 2001 എന്നീ വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വിജയിച്ചത്. 40 വര്‍ഷത്തോളം പ്രതിനിധീകരിച്ചത് കൊട്ടാരക്കര മണ്ഡലം. സി അച്യുതമേനോന്‍, കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ ഭരിച്ചു. 1971ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര നിയോജക മണ്ഡലത്തില്‍ നിന്നും സി പി എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയെ പരാജയപ്പെടുത്തി.