കലാഭവന്‍ മണിയുടെ മരണം: വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം

Posted on: March 20, 2016 2:02 pm | Last updated: March 20, 2016 at 3:57 pm

kummanamതിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണം യാദൃശ്ചികവും ഒറ്റപ്പെട്ടതുമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേണ്ടിവന്നാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്ത് വരുന്നത് കെട്ടിച്ചമച്ച കഥകളാണ്. കുറ്റവാളി എത്ര പ്രമുഖനായിരുന്നാലും സമഗ്ര അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണം.15 ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പൊലീസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ വസതിയായ മണികൂടാരത്തിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.
മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആന്തരികാവയവ പരിശോധനാഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്ഥിരീകരിച്ചത്. സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം തുടരുകയാണ്.