ആസാദി പ്രയോഗം: കന്‍ഹയ്യക്കെതിരായ ഹരജി ഹൈക്കോടതി തള്ളി

Posted on: March 16, 2016 9:14 am | Last updated: March 16, 2016 at 9:14 am

kanhaiya-kumar-759ന്യൂഡല്‍ഹി:രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കന്‍ഹയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സ്വകാര്യ വ്യക്തി നല്‍കിയ പരാതി ഡല്‍ഹി ഹൈക്കോടതി തള്ളി. കന്‍ഹയ്യയുടെ പ്രസംഗത്തിലെ ആസാദി പ്രയോഗത്തെ ഉയര്‍ത്തിക്കാട്ടി നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. രാജ്യത്ത് ക്രമസമാധാന സംവിധാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഹരജിക്കാരന്‍ വിഷമിക്കേണ്ടെന്നും ജസ്റ്റിസ് പ്രതിഭാ റാണി പറഞ്ഞു.
എന്നാല്‍, വനിതാ ദിനത്തില്‍ കാശ്മീരി വനിതകളെ പരാമര്‍ശിച്ച് കന്‍ഹയ്യ നടത്തിയ പ്രസംഗം ആധാരമാക്കി നല്‍കിയ മറ്റൊരു ഹരജി ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന കന്‍ഹയ്യ കുമാര്‍ രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് അഭിഭാഷകന്‍ സുഗ്രീവ ദുബെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. സുഗ്രീവ ദുബെയുടെ ഹരജി വാദം കേള്‍ക്കുന്നിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസ് പ്രതിഭാ റാണിയുടെ ബഞ്ച് തന്നെ വാദം കേള്‍ക്കും.
കാശ്മീരില്‍ സൈന്യം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രസംഗിച്ചുവെന്നും ഇത്തരത്തില്‍ പ്രസംഗിച്ച കന്‍ഹയ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നുമാണ് ഹരജിക്കാരന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സൈന്യം രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവര്‍ കാശ്മീരില്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്ന് കന്‍ഹയ്യ പറഞ്ഞെന്നും സുഗ്രീവ ദുബെ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കന്‍ഹയ്യ കുറഞ്ഞത് നൂറു തവണയെങ്കിലും സ്വാതന്ത്ര്യം എന്നു പറഞ്ഞുകാണുമെന്നാണ് രാജ്യവിരുദ്ധമായി സംസാരിച്ചതിന് തെളിവായി സാമൂഹിക പ്രവര്‍ത്തകകനായ ഹരജിക്കാരന്‍ ഉയര്‍ത്തിക്കാട്ടുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ജാമ്യം നല്‍കുമ്പോള്‍ വ്യവസ്ഥ വെച്ചിട്ടും ജയില്‍ മോചിതനായ ശേഷം കന്‍ഹയ്യ ക്യാമ്പസില്‍ നടത്തിയ 45 മിനുട്ട് പ്രസംഗം രാഷ്ട്രീയ പ്രസംഗവും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതുമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. കന്‍ഹയ്യയുടെ ആരോപണം ഗൗരവമുള്ളതും രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതുമാണ്. ചില മാവോയിസ്റ്റുകളുടെ പിന്തുണ അവര്‍ക്കുണ്ടെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.
കാശ്മീര്‍, നാഗാലാന്‍ഡ്, അസം എന്നീ സംസ്ഥാനങ്ങളെ സ്വതന്ത്ര്യമാക്കണമെന്ന് കന്‍ഹയ്യ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്ന് ഉമര്‍ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും തങ്ങളുടെ പ്രസംഗത്തില്‍ പറയുന്നുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.