അഫ്ഗാനിസ്ഥാന്‍ ഇസിലിന്റെ ശവപ്പറമ്പാകുമെന്ന് പ്രസിഡന്റ്

Posted on: March 6, 2016 11:27 pm | Last updated: March 6, 2016 at 11:27 pm

കാബുള്‍: രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുടച്ചുനീക്കിയതായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി. പാര്‍ലിമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനുമായി അതിര്‍ത്തിപങ്കിടുന്ന നന്‍ഗര്‍ഹര്‍ പ്രവിശ്യ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഇസില്‍ തീവ്രവാദികള്‍ പിടിമുറുക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇസില്‍ തീവ്രവാദികളുടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാന്‍ മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 21 ദിവസമായി അഫ്ഗാന്‍ സൈന്യം നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ ആച്ചിന്‍, ശിന്‍വാര്‍ തുടങ്ങിയ ജില്ലകളില്‍ ഇസില്‍ ഭീകരര്‍ക്കെതിരെ പോരാട്ടം തുടരുകയായിരുന്നു. സൈനിക മുന്നേറ്റത്തില്‍ 200ലധികം തീവ്രവാദികളെ കൊലപ്പെടുത്തിയതായി സൈന്യം അവകാശപ്പെട്ടു. ഇസില്‍ നിയന്ത്രണത്തിലുള്ള സൈനിക കേന്ദ്രങ്ങളും റോഡിയോ സ്റ്റേഷനും അഫ്ഗാന്‍ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ തകര്‍ക്കപ്പെട്ടു. ഇസിലിന് തുടച്ചുനീക്കാനുള്ള ഓപറേഷനായിരുന്നു അഫ്ഗാന്‍ സൈന്യം നടത്തിയതെന്ന് സൈനിക മേധാവി ലഫ്റ്റനന്റ് ശറിന്‍ ആഖ പറഞ്ഞു.